Site iconSite icon Janayugom Online

രാജ്യത്തെ സമകാലികാവസ്ഥയില്‍; സ്ത്രീ സുരക്ഷിതയല്ല

murmumurmu

രാജ്യത്തെ സ്ത്രീസുരക്ഷ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സമകാലിക സംഭവങ്ങള്‍ അടയാളപ്പെടുത്തി സ്ത്രീകൾക്കെതിരെ നടക്കുന്ന ക്രൂരതകളില്‍ വല്ലാത്ത വേദന തോന്നുന്നതായും രാജ്യം ഉണരണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്കെതിരെ വൈകൃത ചിന്തയോടെയുള്ള പ്രവണതകള്‍ തടയണം. പരിഷ്‌കൃത സമൂഹത്തില്‍ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഇത്തരം അതിക്രമം ഒരിക്കലും സംഭവിക്കാന്‍ പാടില്ല. സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലര്‍ കാണുന്നു. ഇത് അവസാനിപ്പിക്കണം. സമൂഹം സത്യസന്ധവും നിഷ്പക്ഷവുമായ ആത്മപരിശോധനയ്ക്ക് തയ്യാറാകണം. 

സ്ത്രീകളെ ദേവതകളായി ആരാധിക്കുന്നുവെന്ന് പറയുന്നു. ദൈനംദിന പെരുമാറ്റത്തിൽ അത് പ്രതിഫലിക്കുന്നില്ല. ഭരണഘടന സ്ത്രീകളുൾപ്പെടെ എല്ലാവർക്കും തുല്യത അനുവദിക്കുന്നു. സ്ത്രീകള്‍ നേടിയ ഓരോ ഇഞ്ച് മണ്ണിനും വേണ്ടി അവര്‍ക്ക് പോരാടേണ്ടി വന്നിട്ടുണ്ട്. സാമൂഹിക മുൻവിധികളും ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്ത്രീകളുടെ അവകാശങ്ങൾ വിപുലീകരിക്കുന്നതിനെ എല്ലായ്പ്പോഴും എതിർക്കുന്നു. എവിടെയാണ് നമുക്ക് പിഴച്ചത്? തെറ്റുകൾ ഇല്ലാതാക്കാൻ എന്തുചെയ്യാൻ കഴിയും? ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താതെ, ജനസംഖ്യയുടെ പകുതി പേർക്ക് ഇതര പകുതിയെപ്പോലെ സ്വതന്ത്രമായി ജീവിക്കാൻ കഴിയില്ലെന്നും രാഷ്ട്രപതി പറഞ്ഞു.
നിര്‍ഭയ സംഭവത്തിന് ശേഷം കഴിഞ്ഞ 12വര്‍ഷത്തിനിടെ എണ്ണമറ്റ ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതെല്ലാം സമൂഹം മറക്കുന്നു. സമൂഹത്തിന് ഒന്നാകെ മറവിരോഗം ബാധിക്കുന്നത് ഉചിതമല്ലെന്നും രാഷ്ട്രപതി പറഞ്ഞു. 

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) 77-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് എഡിറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാഷ്ട്രപതി ഒപ്പിട്ടുനല്‍കിയ ലേഖനത്തിലാണ് രാജ്യത്തെ സമകാലിക സ്ഥിതിയില്‍ രാഷ്ട്രപതി ഉത്കണ്ഠ രേഖപ്പെടുത്തിയിരിക്കുന്നത്.
കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നതില്‍ രാഷ്ട്രപതിയുടെ ആദ്യ പ്രതികരണവും ലേഖനത്തിലുണ്ട്. സംഭവം ഭയാനകവും ആശങ്കപ്പെടുത്തുന്നതുമാണ്. വിദ്യാർത്ഥികളും ഡോക്ടർമാരും പൗരന്മാരും കൊൽക്കത്തയിൽ പ്രതിഷേധിക്കുമ്പോഴും കുറ്റവാളികൾ മറ്റിടങ്ങളിൽ വേട്ടയാടുകയായിരുന്നു. ഇരകളിൽ നഴ്സറി കുട്ടികള്‍ വരെ ഉൾപ്പെടുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
പൊതുവായി എന്ന രീതിയിലാണ് രാഷ്ട്രപതിയുടെ പരാമര്‍ശമെങ്കിലും കൊല്‍ക്കത്ത സംഭവം മാത്രമാണ് അവര്‍ എടുത്തുപറഞ്ഞത്. സമീപ ദിവസം ബിജെപി ഭരിക്കുന്ന അസം, മഹാരാഷ്ട്ര ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നടന്ന ബലാത്സംഗങ്ങളും മണിപ്പൂരും അവര്‍ അവഗണിച്ചു. ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചപ്പോഴും രാഷ്ട്രപതി നിശബ്ദയായിരുന്നു.

Exit mobile version