Site icon Janayugom Online

യുപിയിൽ കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറ്റി; എട്ട് മരണം

പ്രതിഷേധിക്കുന്ന കർഷകർക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടെനിയുടെ അകമ്പടി വാഹനം ഇടിച്ചുകയറി എട്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പലരുടെയും നില അതീവ ഗുരുതരമാണ്. 

സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് തജീന്ദര്‍ സിങ് വിര്‍ക്കും ഗുരുതരമായി പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ലാഖിംപുര്‍ ഖേരി ജില്ലയിലാണ് അതിദാരുണമായ സംഭവം നടന്നത്. കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയാണ് ഈ വാഹനം ഓടിച്ചിരുന്നത്. ഇയാൾ മനഃപൂർവം കർഷകർക്കു നേരെ വാഹനം ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. 

കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയും സംബന്ധിക്കുന്ന പരിപാടി ഈ പ്രദേശത്ത് സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലേക്ക് വരുന്നതിനായി ഒരുക്കിയ ഹെലിപ്പാഡിന് സമീപത്താണ് കർഷകർ പ്രതിഷേധിച്ചിരുന്നത്. ഇവര്‍ക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്. ഉപരോധത്തെ തുടര്‍ന്ന് മന്ത്രിക്ക് ഹെലിപാഡില്‍ ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 

സംഭവത്തെ തുടർന്ന് ഖേരി പ്രക്ഷോഭ വേദിയായി മാറി. മൂന്ന് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. ആശിഷ് മിശ്രയുടെ വാഹനവും ഇതില്‍ ഉള്‍പ്പെടുന്നു. സംഭവ സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇവിടെ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കു നേരെ അജ്ഞാതര്‍ വെടിയുയര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെ സംഭവസ്ഥലത്തെത്തി പ്രതിഷേധം ശക്തമാക്കി. 

eng­lish summary;Violence dur­ing farm­ers’ agi­ta­tion in UP
you may also like this video;

Exit mobile version