Site iconSite icon Janayugom Online

വിദ്വേഷം അഴിഞ്ഞാടി; എട്ട് സംസ്ഥാനങ്ങളില്‍ അക്രമസംഭവങ്ങള്‍: വ്യാപകമായി വര്‍ഗീയ അതിക്രമങ്ങള്‍

രാമനവമി ഘോഷയാത്രക്കിടെ രാജ്യത്ത് വ്യാപകമായ വര്‍ഗീയ സംഘര്‍ഷങ്ങള്‍. ഗുജറാത്ത്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി, ഗോവ, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലാണ് അക്രമസംഭവങ്ങളുണ്ടായത്. ഗുജറാത്തിലും ഝാര്‍ഖണ്ഡിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. രാമനവമി ഘോഷയാത്രകള്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ എത്തി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ഗുജറാത്തില്‍ ആനന്ദ് ജില്ലയിലെ ഖംഭാത് നഗരത്തിലെ അക്രമത്തിലാണ് ഒരാൾക്ക് ജീവന്‍ നഷ്ടമായത്.

ഒരാൾക്ക് പരിക്കേറ്റു. സബർകന്ത് ജില്ലയിലെ ഹിമ്മത്‌നഗർ നഗരത്തിൽ നടന്ന പരിപാടിക്കിടെയും സംഘർഷമുണ്ടായി. രണ്ട് സ്ഥലങ്ങളിലും കല്ലേറും തീവയ്പ്പും നടന്നു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. കടകൾ അക്രമികൾ അഗ്നിക്കിരയാക്കി. ഇവിടെ വാഹനങ്ങൾ തകർക്കുകയും കടകൾ അഗ്നിക്കിരയാക്കുകയും ചെയ്തെന്ന് സബർകന്ത് പൊലീസ് സൂപ്രണ്ട് വിശാൽ വഗേല പറഞ്ഞു. പ്രദേശങ്ങളിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഖര്‍ഗാവില്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വിവിധയിടങ്ങളില്‍ കല്ലേറുണ്ടായതായും അക്രമികള്‍ നാല് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടതായും പൊലീസ് പറഞ്ഞു. ഇവിടെ ബിജെപി നേതാവ് കപില്‍ മിശ്ര രാമനവമി ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഘോഷയാത്രയ്കിടെ തലാബ് ചൗക്ക് മസ്ജിദിനു സമീപമാണ് അക്രമമുണ്ടായത്. തുടര്‍ന്ന് ഖര്‍ഗാവ് ജില്ലയിലുടനീളം മുസ്‌ലിം ആരാധനാലയങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. ഗോവയില്‍ വാസ്കോയിലെ ബെയ്ന മേഖലയിലും സംഘര്‍ഷമുണ്ടായി.

മുംബൈയില്‍ ഒരു സംഘം അക്രമികള്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ മാന്‍കുന്ദില്‍ 25 ഓളം വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. ഒരാള്‍ക്ക് മര്‍ദ്ദനമേറ്റു. കര്‍ണാടകയില്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് കോലാര്‍ ജില്ലയിലെ മുല്‍ബാഗലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഝാര്‍ഖണ്ഡില്‍ ലോഹാര്‍ദഹ, ബൊക്കാറോ ജില്ലകളിലാണ് അക്രമമുണ്ടായത്. ലോഹാര്‍ദഹയില്‍ കല്ലേറിലാണ് ഒരാള്‍ മരിച്ചത്. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഘര്‍ഷബാധിത മേഖലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ബംഗാളിലെ ഹൗറയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ പൊലീസിനെ അധികമായി വിന്യസിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബാങ്കുറ മേഖലയിലും സംഘര്‍ഷമുണ്ടായി.

Eng­lish sum­ma­ry; Vio­lence in eight states;Widespread com­mu­nal atrocities

You may also like this video;

YouTube video player
Exit mobile version