സിനിമയിലെ വയലൻസ് സമൂഹത്തെ ബാധിക്കുന്നുണ്ടെന്ന് ഹൈക്കോടതി. ഇത് നിയന്ത്രിക്കാൻ ഇടപെടുന്നതിൽ ഭരണകൂടത്തിന് പരിമിതിയുണ്ടെന്നും കോടതി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലാണ് വയലൻസിനെ മഹത്വവൽക്കരിക്കുന്നതെന്നും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് സിനിമയിൽ വയലൻസുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചത്. സിനിമയിലെ വയലൻസ് നിയന്ത്രിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷനാണ് ആവശ്യപ്പെട്ടത്. സിനിമയിൽ മാത്രമല്ല ടൂറിസം അടക്കം മേഖലയിൽ ജെൻഡർ ബുള്ളിയിങ് ഉൾപ്പെടെയുണ്ടെന്ന് ഡബ്ല്യുസിസിയും കോടതിയെ അറിയിച്ചു.
ഇത്തരം വിഷയങ്ങൾ സിനിമയുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ച കോടതി വിഷയം ഏപ്രിൽ നാലിന് വീണ്ടും പരിഗണിക്കാൻ മാറ്റി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിന് മൊഴി നൽകാൻ താല്പര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തിന്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കാനാവില്ല. എസ്ഐടി ബുദ്ധിമുട്ടുണ്ടാക്കിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. മൊഴി നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റിന് മൊഴി നൽകാം. അല്ലെങ്കിൽ ഹാജരായി താൽപ്പര്യമില്ലെന്ന് അറിയിക്കാമെന്നും കോടതി പറഞ്ഞു.