Site icon Janayugom Online

കോലിയുഗം അവസാനിച്ചോ? സെഞ്ചുറിയില്ലാതെ 50 ഇന്നിങ്സ്, നിരാശയില്‍ ആരാധകര്‍

സെഞ്ചുറിയില്ലാതെ വിരാട് കോലിയുടെ 50 ഇന്നിങ്സുകള്‍. സ്ഥിരം പേടിസ്വപ്‌നമായ ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ തന്നെയാണ് ഇത്തവണയും അദ്ദേഹത്തിനു പുറത്തേക്കു വഴി കാണിച്ചത്. ഇതോടെ കോലിയുടെ സെഞ്ചുറിയ്ക്കായിയുള്ള കാത്തിരിപ്പ് ഇനിയും തുടരും. സെഞ്ചുറിയില്ലാതെ തുടർച്ചയായി 18 ടെസ്റ്റ് ഇന്നിങ്സുകൾ, 15 ഏകദിനങ്ങൾ, 17 ട്വന്റി20കൾ എന്നിങ്ങനെയാണ് കോലി പൂർത്തിയാക്കിയത്.

മാത്രമല്ല, ടെസ്റ്റിൽ കോലിയെ ഏറ്റവുമധികം തവണ പുറത്താക്കിയ താരമായും ആൻേഡഴ്സൻ മാറി. ഏഴാം തവണയാണ് ആൻഡേഴ്സൻ കോലിയെ പുറത്താക്കുന്നത്. ഓസ്ട്രേലിയന്‍ താരം നതാന്‍ ലിയോണിന്റെ കൈവശമായിരുന്നു ഈ റെക്കോഡ്. അഞ്ചു തവണ വീതം കോലിയെ പുറത്താക്കിയ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ്, മോയിന്‍ അലി, ബെന്‍ സ്‌റ്റോക്‌സ്, ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് എന്നിവരാണ് ലിസ്റ്റില്‍ തൊട്ടു പിന്നിലുള്ളത്.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ടിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 78 റണ്‍സിന് ഓള്‍ഔട്ടായി. ഇ­ന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത് രണ്ടു പേര്‍ മാത്രം. 40.4 ഓവറില്‍ ഇന്ത്യന്‍ നിര കൂടാരം കയറി. 19 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ (18)യാണ് രണ്ടക്കം മറ്റൊരു ബാറ്റ്‌സ്മാന്‍. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പേസര്‍ ജെയിംസ് ആന്റേ­ഴ്സനും ക്രെയ്ഗ് ഓവര്‍ടണും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഒലെ റോബിന്‍സണും സാം കറനും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്.

പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിന് വിക്കറ്റ് സമ്മാനിച്ചു. മത്സരത്തിലെ അഞ്ചാം പന്തില്‍ മികച്ച ഫോമിലുള്ള രാഹുല്‍ പുറത്ത്. ആന്റേ­ഴ്സണിന്റെ ഇന്‍സ്വിങര്‍ കവറിലൂടെ കളിക്കാനുള്ള ശ്രമം എഡ്­ജായി വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കയ്യില്‍ അവസാനിച്ചു. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ പൂജാരയും മടങ്ങി. ഇത്തവണ ഒരു ഔട്ട് സ്വിങര്‍ പൂജാരയുടെ ബാറ്റിലുരസി ബട്‌ലറുടെ കയ്യിലെത്തി. തുടര്‍ന്നെത്തി­യ കോലി രോഹിത്തിനൊപ്പം രക്ഷാപ്രവര്‍ത്തനം ആ­രം­ഭിച്ചു. എ­ന്നാല്‍ കോലിക്കും അധികം ആയുസുണ്ടായില്ല. 17 പന്തില്‍ ഒരു ഫോര്‍ സഹിതം ഏഴു റണ്‍സെടുത്ത കോലിയെയും ആന്റേ­ഴ്സന്‍ പുറത്താക്കി. രഹാനെയും ഫോമിന്റെ ലക്ഷണങ്ങള്‍ കാണിച്ചാണ് തുടങ്ങിയത്. രണ്ട് ബൗണ്ടറികള്‍ നേടുകയും ചെയ്തു. എന്നാല്‍ ലഞ്ചിന് തൊട്ടുമുമ്പ് വിക്കറ്റ് സമ്മാനിച്ച് പവലിയനില്‍ തിരിച്ചെത്തി. ഒല്ലി റോബിന്‍സണിന്റെ പന്തില്‍ ബട്‌ലര്‍ക്ക് ക്യാച്ച്.

തുടര്‍ന്നെത്തിയ റിഷഭ് പന്തിനും പിടിച്ചുനില്‍ക്കാനായില്ല. രണ്ടു റണ്‍സെടുത്ത പന്തിനെ റോബിന്‍സണ്‍ മടക്കി. 104 പന്തുകളോളം ഇംഗ്ലീഷ് ബൗളിങ്ങിനെ പ്രതിരോധിച്ച രോഹിത് ശര്‍മ ആറാമനായാണ് പുറത്തായത്. 19 റണ്‍സെടുത്ത രോഹിത്തിനെ ക്രെ­യ്ഗ് ഓവര്‍ടണാണ് മടക്കിയത്.

തൊട്ടടുത്ത പ­ന്തില്‍ മുഹമ്മദ് ഷമിയേയും ഓവര്‍ടണ്‍ പുറത്താക്കി. കാര്യമായ പ്രതിരോധമില്ലാതെ രവീന്ദ്ര ജഡേജയും (4) മടങ്ങി. താരത്തെ സാം കറന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ജസ്‌പ്രീത് ബുംറയേയും കറന്‍ വിക്കറ്റിന് മുന്നി­ല്‍ കുടുക്കി. മൂന്ന് റണ്‍സെടുത്ത സിറാജ് 41ാം ഓവറില്‍ വീണതോടെ ഇ­ന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു.

You may also like this video:

Exit mobile version