Site iconSite icon Janayugom Online

വെര്‍ച്വല്‍ അറസ്റ്റ്: ഇരുപതു ലക്ഷം തട്ടിയ തമിഴ് നാട് സ്വദേശികള്‍ അറസ്റ്റില്‍

വാട്സ് ആപ്പ് കോളിലെ വെര്‍ച്വല്‍ അറസ്റ്റിലൂടെ 20 ലക്ഷം രൂപ തട്ടിയ കേസില്‍ തമിഴ് നാട് സ്വദേശികള്‍ അറസ്റ്റില്‍. തിരുനെല്‍വേലി കുലശേഖരപ്പെട്ടി സ്വദേശി പേച്ചികുമാര്‍ (27), തെങ്കാശി മാതാപുരം സ്വദേശി പി ക്രിപ്സണ്‍ (28) എന്നിവരെയാണ് തിരുവനന്തപുരം റൂറല്‍ സൈബര്‍ പൊലീസ് പിടികൂടിയത്.തിരുവനന്തപുരം കൊഞ്ചിറ സ്വദേശിയില്‍ നിന്നാണ് പണം തട്ടിയത് പൊലീസ് യുണിഫോം ധരിച്ചാണ്‌ സംഘം വാട്‌സാപ്‌ കോൾ ചെയതത്‌. 

വെർച്വൽ അറസ്റ്റ് നടത്തിയതായി വിശ്വസിപ്പിച്ച് 12 ദിവസത്തോളം വിളിച്ച് ഭീഷണിപ്പെടുത്തി. അഷ്റഫിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തതായി വിശ്വസിപ്പിച്ചാണ്‌ പണം തട്ടിയത്. വിശദ പരിശോധനയ്ക്ക് അക്കൗണ്ടിലേക്ക് പണം അയച്ചുതരണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് പണം അയച്ചുകൊടുത്തത്. വിശ്വാസം നേടിയെടുക്കാൻ അറസ്റ്റ് വാറന്റ്‌ ഉൾപ്പെടെ നൽകിയിരുന്നു. പണം തിരിച്ചുകിട്ടാതായതോടെയാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് തിരുവനന്തപുരം റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. സൈബർ പൊലീസ് ബാങ്ക് വിവരങ്ങൾ പരിശോധിച്ച് പേച്ചികുമാറി (26) നെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യംചെയ്തതിൽ നിന്നാണ് ക്രിപ്സണെക്കുറിച്ച് വിവരം ലഭിച്ചത്. 

നിരവധി പേരിൽനിന്ന്‌ ഇത്തരത്തിൽ പണം തട്ടിയെടുത്തതായാണ് വിവരം. തട്ടിയെടുക്കുന്ന പണം ക്രിപ്റ്റോ കറൻസിയായി നിക്ഷേപിക്കുകയാണ് പതിവ്. കോടികളുടെ ക്രിപ്‌റ്റോ ഇടപാടുകൾ ഇവരുടെ അക്കൗണ്ടിൽനിന്ന് കണ്ടെത്തി. കൂടുതൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മോധാവി കെ എസ് സുദർശൻ അറിയിച്ചു. ഡിവൈഎസ്‌പി റോബർട്ട് ജോണിയുടെ മേൽനോട്ടത്തിൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുരേഷ് കുമാർ, എസ്ഐ വി എൽ ആനന്ദ്, സിയാദ് മുഹമ്മദ്, ജിഎസ്ഐ വിനോദ്, എസ്‍സിപിഒമാരായ എസ് റിഷാദ്, എസ് ഷിബു, സിപിഒമാരായ ജെ വി അഖിൽ രാജ്, അജിത്ത്, വിഷ്ണു, അരുൺ, ശ്രീജിത്ത് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. 

Vir­tu­al arrest: Tamil Nadu natives arrest­ed for embez­zling Rs. 20 lakhs

Exit mobile version