Site iconSite icon Janayugom Online

ഒരുമണിക്കൂറോളം വെർച്വൽ അറസ്റ്റിലാക്കി;നടി മാലാ പാര്‍വതിയിൽ പണം തട്ടാൻ സൈബര്‍ തട്ടിപ്പ് സംഘത്തിന് ശ്രമം

നടി മാലാ പാര്‍വതിയെ കുടുക്കാൻ സൈബര്‍ തട്ടിപ്പ് സംഘത്തിന് ശ്രമം. കൊറിയര്‍ തടഞ്ഞുവെച്ചെന്ന് പറഞ്ഞാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. ഒരു മണിക്കൂറോളം താരം ഡിജിറ്റല്‍ കുരുക്കില്‍പെട്ടു, തട്ടിപ്പാണ് എന്ന് ഒടുവില്‍ തിരിച്ചറിഞ്ഞതോടെയാണ് താരം പണംപോകാതെ രക്ഷപ്പട്ടത്. വ്യാജ ഐഡി കാർഡ് അടക്കം നൽകി മുംബൈ പൊലീസ് എന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. തയ്‌വാനിലേക്ക് ലഹരിമരുന്നടക്കം അയച്ചെന്ന് പറഞ്ഞാണ് വെർച്വൽ അറസ്റ്റിലാക്കി ചോദ്യം ചെയ്തതെന്നും പണം തട്ടുന്നതിന് മുൻപു തന്നെ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞെന്നും മാലാ പാർവതി പറഞ്ഞു. വിക്രം സിംഗെന്ന ഒരാൾ ആണ് വളരെ വിശ്വസനീയമായിട്ട് തന്നോട് സംസാരിച്ചതെന്ന് മാല പാർവതി പറഞ്ഞു. 

എന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തായ്‌വാനിലേക്ക് അനധികൃത സാധനങ്ങളടങ്ങിയ പാക്കേജ് പോയിട്ടുണ്ട് എന്നാണ് അവർ പറഞ്ഞത്. കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ അഡ്രസും ബാങ്ക് വിവരങ്ങളടക്കം ചോദിച്ചറിഞ്ഞു. അഞ്ച് പാസ്പോർട്ട്, മൂന്ന് ബാങ്ക് ക്രെഡിറ്റ് കാർഡ്, ലാപ്ടോപ്പ്, 200 ഗ്രാം എംഡിഎംഎ. തുടങ്ങിയവയായിരുന്നു പാക്കേജിൽ ഉണ്ടായിരുന്നതെന്നാണ് അവർ പറഞ്ഞത്. മുംബൈ ക്രൈം ബ്രാഞ്ച് ആണെന്ന് ഉറപ്പിക്കാൻ ഐഡി കാർഡ് അടക്കം അവർ അയച്ചു. സഹകരിക്കണമെന്ന് പറഞ്ഞ് ലൈവിൽ ഇരുത്തുകയായിരുന്നു. സംഭവത്തിൽ ബോംബെയിൽ ഒരാൾ മരിച്ചിട്ടുണ്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തട്ടിപ്പുകാർ പറഞ്ഞതായി മാലാ പാർവതി പറഞ്ഞു. വാട്സാപ്പിലായിരുന്നു സംസാരം. ഇതിനിടെ പെട്ടെന്ന് തന്നെ ഇവരുടെ ഐ ഡി കാർഡ് ഗൂഗിളിൽ പരിശോധിച്ചു. ഐ ഡി കാർഡിൽ അശോകസ്തംഭം കാണാത്തതിനാൽ സംശയം തോന്നി. ട്രാപ്പ് ആണെന്ന് മാനേജർ അപ്പോൾ തന്നെ പറയുന്നുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ കൈയിൽ ഫോൺ കൊടുത്ത് സംസാരിച്ചപ്പോഴേക്കും അവർ കോൾ കട്ടാക്കി പോയെന്നും മാല പാർവതി പറഞ്ഞു. 72 മണിക്കൂർ നേരത്തേക്ക് തന്നെ നിരീക്ഷണത്തിലാക്കി എന്നാണ് അവർ പറഞ്ഞതെന്നും മാലാ പാർവതി പറഞ്ഞു.

Exit mobile version