അമീബിക് മസ്തിഷ്കജ്വരം (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരൂരങ്ങാടി മുന്നിയൂർ സ്വദേശിയായ അഞ്ചുവയസുകാരി മരിച്ചു. കളിയാട്ടമുക്ക് പടിഞ്ഞാറേപ്പീടിയേക്കൽ ഹസൻകോയയുടെ മകൾ ഫദ്വയാണ് മരണത്തിന് കീഴടങ്ങിയത്. ഇക്കഴിഞ്ഞ പത്തിനാണ് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ആദ്യം ചെമ്മാട്ടെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയത്. പതിമൂന്നിനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചത്. മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളോടെ എത്തിയ കുട്ടിയുടെ നട്ടെല്ലിൽ നിന്ന് സ്രവം എടുത്ത് പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥീരീകരിച്ചത്. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുകയായിരുന്നു.
കടലുണ്ടിപ്പുഴയിൽ കുളിച്ചതിലൂടെയാണ് അമീബ ശരീരത്തിൽ കടന്നതെന്നാണ് കരുതുന്നത്. കളിയാട്ടമുക്ക് എഎംഎൽപി സ്കൂൾ നഴ്സറി വിദ്യാർഥിനിയാണ്. മാതാവ്: ഫസ്ന. സഹോദരങ്ങൾ: ഫൈഹ, ഫംന. സംസ്കാരം ഇന്നലെ രാവിലെ കളിയാട്ടമുക്ക് കടവത്ത് ജുമാമസ്ജിദ് കബര്‍ സ്ഥാനിൽ നടന്നു. ഫദ്വയ്ക്കൊപ്പം കടലുണ്ടിപ്പുഴയിൽ കുളിച്ച മറ്റു നാല് കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
പതിനായിരത്തിൽ ഒരാൾക്ക് മാത്രം ബാധിക്കുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഇത് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കു പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.
You may also like this video

