Site icon Janayugom Online

ലോകകപ്പ് കളിക്കാന്‍ ലാമിച്ചനെയ്ക്ക് വിസ

നേപ്പാള്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സന്ദീപ് ലാമിച്ചനെയ്ക്ക് ടി20 ലോകകപ്പില്‍ കളിക്കാന്‍ വിസ ലഭിച്ചു. ഇതോടെ അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ നേപ്പാളിനായി ലാമിച്ചനെ കളിക്കും. നേപ്പാള്‍ ദേശീയ ക്രിക്കറ്റ് ടീമിനൊപ്പം ചേരുന്നതിനായും ടി20 ലോകകപ്പ് കളിക്കുന്നതിനായും സന്ദീപ് ലാമിച്ചനെ വെസ്റ്റിന്‍ഡീസിലേക്ക് പുറപ്പെടുമെന്ന് നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി പരസ് ഖഡ്ക പ്രസ്താവനയില്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി സന്ദീപിനെ ഈ വര്‍ഷം ജനുവരിയില്‍ കോടതി എട്ട് വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. 

എന്നാല്‍ പിന്നീട് കാഠ്മണ്ഡു ജില്ലാ കോടതിയുടെ ഈ വിധി മേയ് മാസത്തില്‍ ഹൈക്കോടതി റദ്ദാക്കുകയും താരം നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് യുഎസ് രണ്ടുതവണ ലാമിച്ചനയ്ക്ക് വിസ നിഷേധിച്ചിരുന്നു. നേപ്പാള്‍ സര്‍ക്കാരും നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷനും ലാമിച്ചനയെ പിന്തുണച്ച് വിസാനടപടികള്‍ പൂര്‍ത്തിയാക്കാനുള്ള പരിശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. യാത്രാനുമതി നല്‍കാനാവില്ലെന്ന് യുഎസ് എംബസി നേപ്പാള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ഇതോടെ ലാമിച്ചനയ്ക്ക് യുഎസില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാനാവാതെ വന്നു.

Eng­lish Summary:Visa for Lamichane to play in World Cup

You may also like this video

Exit mobile version