ഒരു ദേശത്തെ രൂപപ്പെടുത്തിയ ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആന്ധ്രയിലെ മുഖപത്രമായ വിശാലാന്ധ്രയ്ക്കുള്ളത്. 1952 ജൂണ്‍ 22ല്‍ പ്രസിദ്ധീകരണം ആരംഭിച്ചതു മുതല്‍ പുരോഗമനചിന്തയുടെ നാള്‍വഴികള്‍ സമൃദ്ധം. പ്രസിദ്ധീകരണം 70 വര്‍ഷങ്ങളിലായി മുടക്കമില്ലാതെ തുടരുന്നു.
ആന്ധ്രാപ്രദേശില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1948ല്‍ പ്രജാശക്തിയിലൂടെ ആശയപ്രചാരണം സജീവമാക്കി. ആഴ്ചയിലൊരിക്കല്‍ പ്രസിദ്ധീകരിച്ചിരുന്ന പ്രജാശക്തി പിന്നീട് ദിനപത്രമായി. എന്നാല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധഭരണകൂടത്തിന്റെ ചെയ്തികള്‍ പാര്‍ട്ടിയെ വിലക്കിയപ്പോള്‍ പ്രജാശക്തിക്കു താഴുവീണു.
നിരോധനത്തിന്റെ കാലം കഴിഞ്ഞപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുതിയൊരു പുലരിയുടെ പര്യായമായി, വിവേകമായി വിശാലാന്ധ്രാ ദിനപ്പത്രത്തിന് തുടക്കം നല്‍കുകയായിരുന്നു. ആന്ധ്രയിലെ ആദ്യകമ്മ്യൂണിസ്റ്റ് എന്ന് ഖ്യാതി ചേര്‍ന്ന മടുക്കുറി ചന്ദ്രശേഖര്‍ റാവുവിനായിരുന്ന ചുമതല. ഇടതുപക്ഷ പത്രപ്രവര്‍ത്തനം ആന്ധ്രാ നാടിനെ അറിയിച്ചു ചന്ദ്രശേഖര്‍ റാവു. തികവാര്‍ന്ന പത്രപ്രവര്‍ത്തകരും പുരോഗമന ചിന്തകരുമായ യെദുകുറി ബാലരാമ മൂര്‍ത്തി, തുമ്മാട വെങ്കിട്ട രാമയ്യ, കമ്പംപെട്ടു പാട്ടു സത്യനാരായണ തുടങ്ങിയവര്‍ പിന്നീട് വിശാലാന്ധ്രയ്ക്ക് സാരഥികളായി. പുരോഗമന എഴുത്തുകാരുടെ മുന്നേറ്റമായ (പ്രൊഗ്രസീവ് റൈറ്റേഴ്സ് മൂവ്മെന്റിന്റെ) ചുമതലക്കാരും ആയിരുന്നു ഇവര്‍. ഇപ്റ്റയുടെ പ്രവര്‍ത്തനം ആന്ധ്രയില്‍ പടര്‍ന്നതും വിശാലാന്ധ്രയിലൂടെ ആയിരുന്നു.
വാമൊഴിയും വരമൊഴിയും രണ്ടായിരുന്ന തെലുങ്കുഭാഷയുടെ ഭൂതകാലം തിരുത്തി വാമൊഴിക്കൊപ്പം വരമൊഴി പ്രാപ്തമാക്കിയതും ദിനപ്പത്രത്തിന്റെ നാള്‍വഴിയിലെ മറ്റൊരു ചരിത്രദൗത്യം. 28 വര്‍ഷം എഡിറ്ററായിരുന്ന സി രാഘവാചാരി നിര്‍ണായകമായ നേതൃത്വം നല്‍കി. ആദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങള്‍ പത്രപ്രവര്‍ത്തന വിദ്യാര്‍ത്ഥികള്‍ക്ക് വിശുദ്ധഗ്രന്ഥമാണ്. നിലവില്‍ വി വി രാമറാവു എഡിറ്റോറിയല്‍ വിഭാഗത്തെ നയിക്കുന്നു. തെലുങ്ക് എഴുത്തുകാരുടെ സംഘടനയായ തെലുങ്കു റൈറ്റേഴ്സ് അസോസിയേഷന്റെ പ്രസിഡന്റാണ് അദ്ദേഹം.
ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോള്‍ അവിടെ പാര്‍ട്ടിയുടെ മുഖപത്രമായി പ്രജാപക്ഷം പ്രസിദ്ധീകരണം ആരംഭിച്ചു. ആദ്യം സ്വതന്ത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ മന തെലങ്കാന എന്ന പേരില്‍ ദിനപ്പത്രമാണ് ആരംഭിച്ചതെങ്കിലും പിന്നീട് പാര്‍ട്ടിയുടെ നേരിട്ടുള്ള ഉടമസ്ഥതയില്‍ പ്രജാപക്ഷം തുടങ്ങുകയായിരുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ സംഘടനയുടെ ദേശീയ ഭാരവാഹി ശ്രീനിവാസ റാവുവാണ് ഇപ്പോള്‍ ജനപക്ഷം പത്രാധിപര്‍.
English Summary: Vishalandhra; The newspaper that shaped a nation
You may like this video also