നാടിനെ ദുഃഖത്തിലാഴ്ത്തി ചൊവ്വാഴ്ച രാത്രിയിൽ റോഡ് അപകടത്തിൽ മരണപ്പെട്ട എൻജിനീയറിങ് വിദ്യാർത്ഥി എ എസ് വിഷ്ണുവിന്റെ ഹൃദയ വാൽവുകൾ മറ്റു ഹൃദയങ്ങൾക്ക് തുടിപ്പേകും. ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ഡോക്ടർമാരാണ് വിഷ്ണുവിന്റെ ഹൃദയവാൽവുകൾ ബന്ധുക്കളുടെ അനുമതിയോടെ ശസ്ത്രക്രിയ ചെയ്ത് ശേഖരിച്ചത്. ഇത് ‘വാൽവ് ബാങ്കിൽ’ നിശ്ചിത ഊഷ്മാവിൽ സൂക്ഷിച്ച് അനുയോജ്യമായ രോഗിയുടെ ഹൃദയത്തിന് നൽകും.
ചൊവ്വാഴ്ച രാത്രി 8.30നാണ് പോത്തൻകോട് ശാന്തിഗിരിയിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാട്ടായിക്കോണം കോട്ടുകുടിയിൽ എ എസ് വിഷ്ണു(20) പരിക്കേറ്റു മരിച്ചത്. ആറ്റിങ്ങൽ ഗവ. എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ വിഷ്ണു പഠനം കഴിഞ്ഞ് രാത്രി സമയം പോത്തൻകോട് വിസ്മയ ഫാൻസി സെന്ററിൽ പാർടൈം ജോലിനോക്കി വരികയായിരുന്നു.
ഒപ്പം ജോലി ചെയ്യുന്ന സുഹൃത്ത് കാട്ടായിക്കോണം കോണത്ത് വീട്ടിൽ വിഷ്ണുവിന്റെ ബൈക്കിൽ ശാന്തിഗിരിയിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച് മടങ്ങും വഴിയായിരുന്നു അപകടം. ഇരുവരെയും ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിഷ്ണു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരണപ്പെട്ട വിഷ്ണുവിന്റെ പിതാവ് അശോക് കുമാർ നിർമ്മാണ തൊഴിലാളിയും അമ്മ സൗമ്യ അങ്കണവാടി ജീവനക്കാരിയുമാണ്. സഹോദരൻ വൈഷ്ണവ് കാട്ടായിക്കോണം യുപിഎസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
English Summary: Vishnu’s heart valves may still beat..
You may also like this video