Site iconSite icon Janayugom Online

സാമൂഹ്യതിന്മയുടെ കൂടി ഇരയാണ് വിസ്മയ

സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം ക്രൂരതകള്‍ക്കിരയായതിനെ തുടര്‍ന്ന് നിലമേൽ കൈതോട് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനെന്ന വിധിയുണ്ടായിരിക്കുന്നു. കേസ് പരിഗണിച്ച കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്ത് ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 ന് പുലര്‍ച്ചെയാണ് വിസ്മയയെ കിരൺകുമാറിന്റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കേരള മനഃസാക്ഷിയെ ഞെട്ടിച്ചതായിരുന്നു വിസ്മയയുടെ ആത്മഹത്യ. സ്ത്രീധനത്തിന്റെ പേരില്‍ വിദ്യാസമ്പന്നയായ ആ പെണ്‍കുട്ടി വീട്ടകങ്ങളില്‍ അനുഭവിച്ചുതീര്‍ത്ത കണ്ണീരിന്റെയും പീഡനത്തിന്റെയും നിരവധി വിവരങ്ങള്‍ ഈ സംഭവത്തോടെ പുറത്തെത്തി. വിവാഹവേളയില്‍ നല്കിയ കോടിക്കണക്കിന് വിലയുള്ള ആഭരണത്തിനു പുറമെ സ്ത്രീധനമായി ആവശ്യപ്പെട്ടു വാങ്ങിയ കാറിന്റെ പേരിൽ പ്രതി കിരൺകുമാർ വിസ്മയയുമായി നിരന്തരം വഴക്കിട്ടതിന്റെയും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിന്റെയും തെളിവുകൾ സന്ദേശങ്ങളായി പുറത്തുവന്നിരുന്നു. പീഡനം സഹിക്കാതെ ജീവിതം അവസാനിപ്പിക്കുമെന്ന് പലവട്ടം ഭർത്താവിന് മുന്നറിയിപ്പു നൽകുകയും താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹപാഠികളെയും അറിയിക്കുകയും ചെയ്തിരുന്നു.

2019 മേയ് മാസം വിവാഹിതയായ വിസ്മയ ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായിരുന്നു. കോടതി കുറ്റക്കാരനെന്ന് ഇപ്പോള്‍ വിധിച്ചിരിക്കുന്ന ഭര്‍ത്താവ് കിരണ്‍കുമാറാകട്ടെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. വിസ്മയയുടെ ആത്മഹത്യ നടന്ന് ഒരുവര്‍ഷമെത്തുന്നതിന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കി കേസില്‍ ഇന്ന് ശിക്ഷാവിധിയുണ്ടാകുന്നുവെന്നത് അന്വേഷണ — നിയമസംവിധാനത്തിന്റെ ജാഗ്രതയായി ചൂണ്ടിക്കാട്ടാവുന്നതാണ്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുകയും കാലവിളംബമില്ലാതെ വിചാരണ നടക്കുകയും ചെയ്തു. സംഭവം നടന്ന് മൂന്ന് മാസമെത്തുന്നതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനും അതുകഴിഞ്ഞ് എട്ടുമാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കുറ്റക്കാരനെന്ന് കണ്ടെത്തുവാനും സാധിച്ചു. ഈ കേസില്‍ കിരണ്‍കുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വകുപ്പുകളെല്ലാം സ്ത്രീധനവുമായി ബന്ധപ്പെട്ടതാണ്. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടുക, സ്വീകരിക്കുക എന്നീ കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ കേരളത്തിന് മുന്നില്‍ വിസ്മയ കേസ് പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.


ഇതുകൂടി വായിക്കാം; സ്ത്രീധനം വാങ്ങില്ല,കൊടുക്കില്ല; അരുത് ആര്‍ഭാട വിവാഹം


സ്ത്രീധനമെന്നത് നിയമം മൂലം നിരോധിക്കപ്പെട്ട സാമൂഹ്യ തിന്മകളില്‍ ഒന്നാണ്. 60 വര്‍ഷത്തിലധികം പഴക്കമുള്ള സ്ത്രീധന നിരോധന നിയമം കാലാനുസൃതമായി പരിഷ്കരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വസ്തുക്കളോ ആഭരണങ്ങളോ പണമോ സ്ത്രീധനമെന്ന പേരില്‍ വാങ്ങുന്നതും കൊടുക്കുന്നതും നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും അതിന്റെ പേരിലുള്ള പീഡനങ്ങളും കേസുകളും ആത്മഹത്യകളും കൊലപാതകങ്ങളും ഉണ്ടാകുന്നുവെന്നത് ഗുരുതരമായ സാമൂഹ്യപ്രശ്നം കൂടിയാണ്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന 2020ലെ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് സ്ത്രീധനവുമായി ബന്ധപ്പെട്ട 7045 മരണങ്ങളാണുണ്ടായത്. കേരളത്തില്‍ ആ വര്‍ഷം ആറ് മരണങ്ങളാണുണ്ടായതെങ്കില്‍ 2021ല്‍ വിസ്മയയുടേതുള്‍പ്പെടെ 10 മരണങ്ങളുണ്ടായി. 2016, 17, 18 വര്‍ഷങ്ങളില്‍ യഥാക്രമം 25, 12, 17 വീതം മരണങ്ങള്‍ സ്ത്രീധനത്തിന്റെ പേരില്‍ സംസ്ഥാന പൊലീസിന്റെ കണക്കുകളിലുണ്ട്. ഇതിനൊപ്പം ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ ബന്ധുക്കളില്‍ നിന്നുമുള്ള ക്രൂരതകളുടെ കേസുകളുമുണ്ടാകുന്നുണ്ട്. പ്രബുദ്ധമെന്ന് സ്വയം കരുതുന്ന കേരളത്തില്‍ ഇത്തരം കണക്കുകള്‍ ഉണ്ടാകുന്നുവെന്നത് നാമോരോരുത്തരെയും നാണം കെടുത്തുന്നതാണ്. വിസ്മയ കേസില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട കിരണ്‍കുമാറിന്റെ ശിക്ഷയോടൊപ്പം കേരളീയര്‍ക്ക് സ്വയം കുറ്റബോധമുണ്ടാകണമെന്ന് ഈ കേസ് ആവശ്യപ്പെടുന്നുണ്ട്.

യഥാര്‍ത്ഥത്തില്‍ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും പരാജയമാണ് ഇത്തരം സംഭവങ്ങള്‍. തങ്ങളുടെ അന്തസിന്റെയും മാന്യതയുടെയും അടയാളമായി സ്ത്രീധനം നല്കുന്നതിനെയും വാങ്ങുന്നതിനെയും കാണുന്ന ഒരു വിഭാഗം ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിലവിലുണ്ടെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. തങ്ങള്‍ പിറവി നല്കി പോറ്റിവളര്‍ത്തിയ പെണ്‍മക്കളെ വിവാഹം ചെയ്തയക്കുമ്പോള്‍ കോടികളുടെ സ്വര്‍ണവും സ്വത്തുക്കളും കരുതിവച്ചും കടംവാങ്ങിയും നല്കേണ്ടിവരുന്ന ആധിക്കപ്പുറം അതൊരു കുറ്റകൃത്യമാണെന്ന സ്വയം ബോധ്യത്തിലേക്ക് രക്ഷിതാക്കള്‍ മനസ് പരുവപ്പെടുത്തണം. സ്ത്രീധനമെന്നാണ് പേരെങ്കിലും യഥാര്‍ത്ഥത്തില്‍ ആടുമാടുകളെപ്പോലെ വില നിശ്ചയിക്കുകയും വില്ക്കുകയും ചെയ്യുന്നത് പുരുഷനെയാണെന്ന് വരനും അവന്റെ രക്ഷിതാക്കളും ലജ്ജയോടെ തിരിച്ചറിയണം. സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നതിന് പകരം നിരുത്സാഹപ്പെടുത്തുവാനും ഒരു കുറ്റകൃത്യമാണെന്ന നിലയില്‍ വച്ചുപൊറുപ്പിക്കാതിരിക്കുവാനും നമ്മുടെ സമൂഹം ജാഗ്രത കാട്ടണം. സ്ത്രീധനത്തിനും സ്ത്രീ പീഡനത്തിനുമെതിരെ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വലിയൊരു പ്രചരണപരിപാടി നടക്കുന്നുണ്ട്. അത് സ്ത്രീകളുടെ മാത്രമല്ല പൊതു സമൂഹത്തിന്റെയാകെ പരിപാടിയായി ഏറ്റെടുക്കുകയും സ്ത്രീധനത്തിനെതിരെ ഓരോ മനുഷ്യരും നിലക്കൊള്ളുകയും ചെയ്യുമ്പോള്‍ മാത്രമേ ഈ സാമൂഹ്യ തിന്മയെ ഇല്ലാതാക്കുവാന്‍ സാധിക്കുകയുള്ളൂ.

You may also like this video;

Exit mobile version