അനുഷ്ഠാന കലയുടെ നാടോടി സൗന്ദര്യം പേറുന്ന പുള്ളുവൻ പാട്ട് കുലത്തൊഴിലാക്കിയ കലാകാരന് എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം. പുരാതന പുള്ളുവ തറവാടായ ചെട്ടികുളങ്ങര ഉണിച്ചിരേത്ത് വിശ്വനാഥന്റേയും ഗീതയുടെയും മകൻ വിഷ്ണു വിശ്വനാഥാണ് മനസിൽ അനുഷ്ഠാന കലയുടെ സൗന്ദര്യവുമായി എംബിബിഎസ് എന്ന നേട്ടത്തിന് ഉടമയായത്.
ചെറുപ്രായം മുതൽ അച്ഛനോടൊപ്പം ചെട്ടികുളങ്ങര ഉൾപ്പടെയുള്ള മഹാക്ഷേത്രങ്ങളിലും സർപ്പം പാട്ട് വേദികളിലും പുള്ളോർ വീണ വായിച്ചു വരുന്ന വിഷ്ണു മെഡിസിന് പഠിക്കുമ്പോഴും കുലത്തൊഴിൽ ഉപേക്ഷിച്ചിരുന്നില്ല. അച്ഛന്റെ മരണശേഷം അമ്മ ഗീതക്കും സഹോദരൻ ചെട്ടികുളങ്ങര ജയകുമാറിനുമൊപ്പം ക്ഷേത്രത്തിൽ പുള്ളുവൻ പാട്ടിനും നാഗക്കളമെഴുത്തിനും സഹായിയായി പോകുമായിരുന്നു. കൊല്ലം മെഡിസിറ്റി ട്രാവൻകൂർ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് കരസ്ഥമാക്കിയ വിഷ്ണു അതേ കോളജിൽ തന്നെ ഹൗസ് സർജനായി ചേർന്നിരിക്കുകയാണ്. സഹോദരി ലക്ഷ്മിപ്രിയ ജി നാഥ് ഷൊർണ്ണൂർ ആയുർവേദ മെഡിക്കൽ കോളജിൽ ഡോക്ടറാണ്. മക്കളെ ഡോക്ടറാക്കണമെന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നെന്നും അത് സാധ്യമായതിൽ അതീവ സന്തോഷമുണ്ടെന്നും ഡോ. വിഷ്ണു പറഞ്ഞു.
English Summary: Visual artist become doctor
You may also like this video