Site iconSite icon Janayugom Online

വിഴിഞ്ഞം തുറമുഖ വികസനം; 271 കോടി രൂപയുടെ പദ്ധതിയുമായി സർക്കാർ

വിഴിഞ്ഞം തുറമുഖ വികസനത്തിന് 271 കോടി രൂപയുടെ പദ്ധതിയുമായി സർക്കാർ. കൺസെഷൻ കരാറിലെ ഫണ്ടഡ് വർക്ക് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കൺസെഷനയർ മുഖേന 235 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ, 500 നീളമുള്ള ഫിഷറി ബെർത്ത്, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ 146 കോടി രൂപ ചിലവഴിച്ച് പാക്കേജ് 1 ആയി നടപ്പിലാക്കും. നിലവിലുള്ള ഫിഷിംഗ് ഹാർബറിന്റെ സിവേർഡ് ബ്രേക്ക് വാട്ടറിൽ നിന്നും 45 ഡിഗ്രി ചരിവിൽ 250 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ നിർമ്മാണം 125 കോടി രൂപ ചിലവിൽ ഹാർബർ എന്‍ജിനീയറിംഗ് വകുപ്പ് മുഖേന ഡെപ്പോസിറ്റ് വർക്കായി പാക്കേജ് 2 ആയി നടപ്പിലാക്കും. പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിനും വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തിൽ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ബ്രേക്ക് വാട്ടർ നിർമ്മാണവും സിഡബ്ല്യൂപിആർസി സമർപ്പിച്ച അന്തിമ രൂപരേഖയുടെ അടിസ്ഥാനത്തിൽ രണ്ടു പാക്കേജുകളായി നിര്‍വഹിക്കും.

വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിന് (വിജിഎഫ്) കേന്ദ്ര സർക്കാർ വിഹിതമായ 817.80 കോടി രൂപ സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാർ നെറ്റ് പ്രസന്റ് വാല്യു വ്യവസ്ഥയിൽ തുക തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുണ്ട്. ഇതിൽ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ അനുകൂല നിലപാട് എടുക്കാൻ തയ്യാറായില്ല. സംസ്ഥാനത്തിന്റെ ഭാവി വികസനം മുന്നിൽക്കണ്ടാണ് ഈ തീരുമാനം എടുക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

തുറമുഖത്തിന്റെ 7,700 കോടി രൂപ ചെലവുള്ള ആദ്യഘട്ടത്തിൽ ഏതാണ്ട് 4,600 കോടി രൂപ സംസ്ഥാന സർക്കാരാണ് മുടക്കുന്നത്. പുലിമുട്ട് നിർമ്മിക്കാനുള്ള 1,350 കോടി രൂപ പൂർണമായി സർക്കാർ ഫണ്ടാണ്. പുറമേ, ചരക്കു നീക്കത്തിനുള്ള റെയിൽപ്പാതയ്ക്കായി 1,482.92 കോടിയും മുടക്കണം.
അടിസ്ഥാനസൗകര്യ വികസനത്തിനും സാമ്പത്തിക പുരോഗതിക്കുമായി കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി വിഭാവനം ചെയ്തത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ പൊതു സ്വകാര്യ പങ്കാളിത്തത്തെ (പിപിപി) പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക പിന്തുണാ സംവിധാനമെന്ന നിലയിലാണ് വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വിജിഎഫ്) കേന്ദ്ര സർക്കാർ നേരത്തേ അംഗീകരിച്ചത്. അതെല്ലാം മറന്നാണ് ഇപ്പോഴത്തെ കേന്ദ്ര നിലപാട്. നവകേരള നിർമ്മിതി സാധ്യമാക്കാൻ ഈ ഉത്തരവാദിത്തം കൂടി സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Exit mobile version