ആഗോള റാങ്കിങ്ങില്‍ മുന്നേറ്റം തുടർന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. റെക്കോഡുകൾ ഭേദിച്ചു കൊണ്ടാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കുതിപ്പ്. ജനുവരിയിൽ 1.23 ലക്ഷം ടിയുഇ കണ്ടെയിനറുകൾ ആണ് വിഴിഞ്ഞത്ത് കൈകാര്യം ചെയ്തത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്. കഴിഞ്ഞ മാസം തുറമുഖം 62 കപ്പലുകള്‍ കൈകാര്യം ചെയ്തു. പ്രതിമാസക്കണക്കില്‍ ഇതും ഏറ്റവും ഉയര്‍ന്ന എണ്ണമാണ്. മണിക്കൂറില്‍ 30.12 കണ്ടെയ്‌നറുകള്‍ എന്ന ഏറ്റവും ഉയര്‍ന്ന ഗ്രോസ് ക്രെയിന്‍ നിരക്ക് കൈവരിക്കാനും വിഴിഞ്ഞത്തിന് സാധിച്ചു. രാജ്യാന്തര തലത്തില്‍ തന്നെ ജിസിആര്‍ 30നു മുകളില്‍ എത്തുന്നത് മികച്ച നേട്ടമായാണ് കണക്കാക്കുന്നത്.
ഒരു വർഷത്തിലേറെയായി വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന തുറമുഖത്തിന്റെ ഉല്പാദനക്ഷമതയിൽ കുത്തനെയുള്ള പുരോഗതിയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. കൈകാര്യം ചെയ്യുന്ന കണ്ടെയ്നറുകളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയുള്ള ആഗോള റാങ്കിങ്ങിൽ വിഴിഞ്ഞം 83-ാം
സ്ഥാനത്തേയ്ക്ക് ഉയർന്നു. ഈ കാലയളവില്‍ കൈകാര്യം ചെയ്ത 160ലധികം കപ്പലുകള്‍ 300 മീറ്ററില്‍ കൂടുതല്‍ നീളമുള്ളവയായിരുന്നു. അതേസമയം 50 കപ്പലുകള്‍ 16 മീറ്ററില്‍ കൂടുതല്‍ ഡ്രാഫ്റ്റുകളോടെ എത്തി.

