കമ്മിഷനിങ്ങിന് ഒരുങ്ങുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്നലെ മുതല്‍ കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങി. ജൂലൈ 11 മുതല്‍ നടന്നുവന്ന ട്രയല്‍ റണ്‍ തിങ്കളാഴ്ച അവസാനിച്ചതോടെയാണിത്. ട്രയൽ റണ്ണിൽ ഇതുവരെ എത്തിയ 70 കപ്പലുകളിലായി ഒന്നരലക്ഷത്തോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. നവംബറില്‍ മാത്രം 30 കപ്പലുകളെത്തി. ഒന്നാംഘട്ട നിർമ്മാണവും ക്രമീകരണങ്ങളും പൂർത്തിയാക്കിയതിന്റെ പ്രൊവിഷണൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഇന്ന് കൈമാറുമെന്ന് തുറമുഖ മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ചെന്നൈ ഐഐടിയുടെ ഇൻഡിപെൻഡന്റ് എൻജിനീയർ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് തുറമുഖ അധികൃതർക്ക് കൈമാറി കൊമേഴ്സ്യൽ ഓപ്പറേഷൻ തുറമുഖമായി പ്രഖ്യാപിക്കും. പുതുവത്സര സമ്മാനമായി വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യാനാണ് തത്വത്തില്‍ ധാരണയായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സൗകര്യം അനുസരിച്ച് ഉദ്ഘാടന തീയതി നിശ്ചയിക്കും.
കപ്പലുകളുടെ വരവില്‍ ഇതുവരെ ജിഎസ്‌ടി ഇനത്തില്‍ 16.5 കോടി രൂപ ലഭിച്ചു. ഇതിൽ പകുതി സംസ്ഥാനത്തിനാണ്. തുറമുഖം കമ്മിഷൻ ചെയ്യുന്നതോടെ കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞത്തെത്തും. ഇത് നികുതിവരുമാനത്തിലും വര്‍ധനയുണ്ടാക്കും. പുതിയ കരാർ പ്രകാരം തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും (രണ്ടും മൂന്നും നാലും ഘട്ടങ്ങൾ ഉൾപ്പെടെ) 2028 ഡിസംബറിനകം പൂർത്തീകരിക്കുമെന്നാണ് അഡാനി പോർട്ട് കമ്പനിയുടെ ഉറപ്പ്. ഇതുകൂടി ചേരുമ്പോൾ തുറമുഖത്തിന്റെ കുറഞ്ഞ സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം കണ്ടെയ്നറാകും. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45 ലക്ഷംവരെ ഉയരും.