Site iconSite icon Janayugom Online

വിഴിഞ്ഞം തുറമുഖം നാടിന് സമര്‍പ്പണം നാളെ ; എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തി

vizhinjamvizhinjam

ലോക രാഷ്ടങ്ങള്‍ക്ക് പോലും മാതൃക യാകുന്ന കേരളത്തിന്റെ സ്വപ്നസാഫല്യം പൂവണിയുന്നു. അസാധ്യമായി ഒന്നുമില്ല എന്ന് ഒരിക്കല്‍ കൂടി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ വികസന ചരിത്രത്തിലെ മറ്റൊരു അഭിമാന മുഹൂർത്തമായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ്‌ നാളെ നടക്കും . രാജ്യത്തെ ആദ്യ ആഴക്കടൽ ട്രാൻഷിപ്മെന്റ്‌ തുറമുഖം പകൽ 11ന് പ്രധാനമന്ത്രി നരേന്ദ്രമോഡി നാടിന്‌ സമർപ്പിക്കും. തുറമുഖത്ത്‌ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തുറമുഖമന്ത്രി വി എൻ വാസവൻ എന്നിവർ പങ്കെടുക്കും. 

ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ്‌ ഗോപി, ജോർജ്‌ കുര്യൻ, ശശി തരൂർ എംപി തുടങ്ങിയവർക്കും ക്ഷണമുണ്ട്‌. ഇന്ത്യൻ കണ്ടെയ്നർ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ തുറമുഖമാണ്‌ കൈകാര്യം ചെയ്‌തിരുന്നതെന്നും വലിയ തോതിലുള്ള വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവുമാണ് രാജ്യത്തിനുണ്ടായിരുന്നത് എന്നാല്‍ വിഴിഞ്ഞം സജ്ജമാകുന്നതോടെ കൊളംബോ തുറമുഖം കൈകാര്യംചെയ്‌ത നല്ലൊരുഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്‌മെന്റ്‌ കാർഗോയും വിഴിഞ്ഞത്തെത്തും.

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ്‌ തുറമുഖമായ വിഴിഞ്ഞത്തിന്‌ വർഷം 15 ലക്ഷം ടിഇയു കണ്ടെയ്‌നർ കൈകാര്യശേഷിയുണ്ട്‌. 2024 ജൂലൈ 11 മുതൽ ട്രയൽ റണ്ണും ഡിസംബർ മൂന്ന്‌ മുതൽ കൊമേഴ്‌സ്യൽ ഓപ്പറേഷനും നടക്കുന്നു ഇതിനകം 283 കപ്പലുകളെത്തി. ആറ്‌ ലക്ഷം കണ്ടെയ്‌നർ കൈകാര്യംചെയ്തു.പദ്ധതി നടപ്പാക്കുന്നതിനിടെ പ്രകൃതിക്ഷോഭങ്ങളുണ്ടായി. നിർമാണ വസ്‌തുക്കളുടെ കുറവുമൂലം 3000 മീറ്റർ പുലിമുട്ടിന്റെ പുരോഗതി മന്ദഗതിയിലായിരുന്നു.

2017 ഡിസംബറിൽ ഓഖി ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടം നേരിട്ടു. 2018ലെ പ്രളയം, അസാധാരണമായ ഉയർന്ന തിരമാല, 2019ലെ വെള്ളപ്പൊക്കം, മഹാ, ടൗട്ടെ ചുഴലിക്കാറ്റുകൾ, പ്രാദേശിക പ്രക്ഷോഭം, കോവിഡ് പ്രതിസന്ധി എന്നിവ മറികടന്നാണ് മറ്റിടങ്ങളിൽ നിന്നടക്കം പാറക്കല്ലുകൾ എത്തിച്ച് പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയത്. 

തെറ്റിദ്ധാരണമൂലം പദ്ധതിപ്രദേശത്ത് സമരങ്ങൾ ഉണ്ടായപ്പോൾ സർക്കാർ നയം വ്യക്തമാക്കി ഇച്ഛാശക്തിയോടെ മുന്നോട്ട് പോയി എംഎസ് എസി സെലസ്റ്റീനോ മറെ സ്‌കാ എന്ന കൂറ്റൻ മദർഷിപ്പാകും പ്രധാനമന്ത്രിയെ സ്വീകരിക്കുക. പുറംകടലിൽ എത്തിയ കപ്പൽ വ്യാഴാഴ്‌ച ബർത്തിലടുപ്പിക്കും. 24,​116 ടിഇയു കണ്ടയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലിന് 399 മീറ്റർ നീളവും 61 മീറ്റർ വീതിയുമുണ്ട്.

Exit mobile version