Site iconSite icon Janayugom Online

വിഴിഞ്ഞം യാഥാര്‍ത്ഥ്യത്തില്‍ ആവേശത്തിര; രാജ്യത്തിന് അഭിമാന മുഹൂര്‍ത്തമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആവേശ്വോജ്വല സ്വീകരണം. ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥി ആയി. ആദ്യ മദർഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാർക്കും മന്ത്രിമാർ ഉപഹാരം നൽകി. മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു.

വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായിരിക്കുന്നതോടെ കേരളത്തിന്റെ വികസന ചരിത്രത്തിലെ സവിശേഷമായ ഒരു അധ്യായം തുറക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അഭിമാനകരമായ മുഹൂര്‍ത്തമാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്കു ബർത്തു ചെയ്യാൻ കഴിയുന്ന നിലയിലേക്ക് വിഴിഞ്ഞം മാറുകയാണ്. തുറമുഖത്തിന്റെ ഓപ്പറേഷൻ ഇപ്പോൾ ട്രയൽ അടിസ്ഥാനത്തിലാണെങ്കിലും തൊട്ടുപിന്നാലെ തന്നെ പൂർണ പ്രവർത്തന രീതിയിലേക്കു മാറും.

രണ്ടും മൂന്നും നാലും ഘട്ടങ്ങൾ പൂർത്തിയായി എല്ലാ വിധത്തിലും സുസജ്ജവും സമ്പൂർണവുമായ വിശാല തുറമുഖമായി 2045 ൽ മാറണമെന്ന നിലയ്ക്കാണു വിഭാവനം ചെയ്തിരുന്നത്. എന്നാൽ അതിന് ഏതാണ്ട് 17 വർഷം മുമ്പേ തന്നെ സമ്പൂർണ തുറമുഖമായി മാറുന്ന നിലയിലേക്കു കാര്യങ്ങൾ കൊണ്ടെത്തിക്കാൻ നമുക്കു കഴിയുന്നു. 2028 ഓടുകൂടി വിഴിഞ്ഞം സമ്പൂർണ തുറമുഖമായി മാറും. പ്രകൃതിക്ഷോഭങ്ങളും രാഷ്‌ട്രീയമായ എതിർപ്പും സാമ്പത്തികപ്രയാസവും ഒരുപോലെ മറികടന്നാണ്‌ പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന അഭിമാനനിമിഷത്തിലേക്ക്‌ എത്തിയതെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി. ഡാനിഷ് കണ്ടെയ്‌നർ ഷിപ്പ് കമ്പനി മെർസ്‌ക് ലൈനിന്റെ ‘സാൻ ഫെർണാണ്ടോ’ ചൈനയിലെ ഷിയാമൻ തുറമുഖത്ത് നിന്നാണ് വിഴിഞ്ഞത്ത് എത്തിയത്. രണ്ടായിരത്തോളം കണ്ടെയ്‌നറുകളാണ് കപ്പലിൽ നിന്ന് വിഴിഞ്ഞത്ത് ഇറക്കുന്നത്.

തടയാന്‍ അന്താരാഷ്ട്ര ലോബികള്‍ പ്രവര്‍ത്തിച്ചു

ചില അന്താരാഷ്ട്ര ലോബികള്‍ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാതിരിക്കുവാന്‍ രംഗത്തുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമായി ഉയര്‍ന്നുവരുമ്പോള്‍ അത് നമ്മുടെ രാഷ്ട്രത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം ഒന്നുകൂടി വർധിക്കും. അതിൽ അസഹിഷ്ണുതയുള്ള ചില അന്താരാഷ്ട്ര ലോബികള്‍ തുറമുഖം യാഥാര്‍ത്ഥ്യമാവാതിരിക്കാന്‍ രംഗത്തുണ്ടായിരുന്നു. പല വാണിജ്യ ലോബികള്‍ക്കും ഇഷ്ടമായിരുന്നില്ല. അവരും രംഗത്തുണ്ടായി. ഈ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല എന്നു പറഞ്ഞ് സ്ഥാപിത താല്പര്യങ്ങളോടെ ചിലര്‍ നടത്തിയ പ്രക്ഷോഭവും ഇതിനോടു ചേര്‍ത്ത് കാണേണ്ടതുണ്ട്. എന്നാൽ അതിനൊക്കെ മേലേ ഈ വിഷയത്തില്‍ നമ്മുടെ കൂട്ടായ ഇച്ഛാശക്തിയും നിര്‍വഹണശേഷിയുമുണ്ടായതായി മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമായി ഉയരണമെന്ന കാര്യത്തിൽ നമുക്കു പണ്ടേ വ്യക്തമായ നിലപാടുണ്ടായിരുന്നു. ഒരു കാര്യത്തിൽ മാത്രമായിരുന്നു നിഷ്ക്കര്‍ഷ. അതിനെ അഴിമതിക്കുള്ള വഴിയായോ ചൂഷണത്തിനുള്ള ഉപാധിയായോ ആരും മാറ്റരുത് എന്നതായിരുന്നു അത്. ആ ഒരു അപകടസാധ്യതയെക്കുറിച്ച് നാം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആ സാധ്യതകളുടെ എല്ലാ പഴുതുകളും അടച്ചുകൊണ്ടു തന്നെ ഈ തുറമുഖത്തെ ഈ വിധത്തിൽ സര്‍വ്വസജ്ജമാംവിധം പുനരുജ്ജീവിപ്പിച്ചെടുക്കാന്‍ സാധിച്ചു എന്നതിൽ നമുക്ക് അഭിമാനിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Vizhin­jam was excit­ed about the real­i­ty; The Chief Min­is­ter said that it is a proud moment for the country
You may also like this video

Exit mobile version