Site iconSite icon Janayugom Online

വി കെ പ്രകാശ് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പിൽ ഹാജരായി

കഥാകൃത്തായ യുവതിയെ സിനിമാ ചർച്ചയ്ക്കായി ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് സംവിധായകൻ വി കെ പ്രകാശ് അന്വേഷണ ഉദ്യോഗസ്ഥനായ പള്ളിത്തോട്ടം ഇൻസ്പെക്ടർ ബി ഷഫീഖിന് മുന്നിൽ ഹാജരായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മൊഴിയെടുപ്പിന്റെ ആദ്യദിനമായിരുന്നു ഇന്നലെ. ഇന്നും നാളെയും കൂടി മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയയ്ക്കും. വിവരങ്ങളെല്ലാം ചോദിച്ച് രേഖപ്പെടുത്തി തയ്യാറാക്കുന്ന റിപ്പോർട്ട് പൊലീസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഥാകൃത്തായ യുവതിയെ കൊല്ലത്തെ സ്വകാര്യഹോട്ടലിൽ വച്ച് കണ്ടിട്ടുണ്ടെന്നും എന്നാൽ ആരോപിക്കുന്നതുപോലെ അവരോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും വി കെ പ്രകാശ് പൊലീസിൽ മൊഴി നൽകി. യുവതിക്ക് ഡ്രൈവർ മുഖേന പതിനായിരം രൂപ നൽകിയെന്ന് സമ്മതിക്കുകയും എന്നാൽ അത് ടാക്സി കൂലിയിനത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു. 

എന്നാൽ പരാതിയിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും കേസിൽ നിയമപരമായി മുന്നോട്ട് പോകുകയും കോടതിയുടെ മുന്നിലുള്ള വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും സത്യം തെളിയുമെന്നും വി കെ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച വി കെ പ്രകാശിന് ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രകാശ് ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ചോദ്യംചെയ്യലിന് വിധേയനാകണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന പക്ഷം തുടർന്നും ഹാജരാകണമെന്നും ആവശ്യമെങ്കിൽ മെഡിക്കൽ പരിശോധന നടത്താമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2022 ഏപ്രിലിൽ കഥ കേൾക്കാനായി തന്നെ കൊല്ലത്തെ സ്വകാര്യ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി വി കെ പ്രകാശ് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന യുവതിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കുന്നത്. 

Exit mobile version