Site iconSite icon Janayugom Online

വി കെ പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി, തുടര്‍ന്ന് വിട്ടയച്ചു

കഥാകൃത്തായ യുവതിയെ സിനിമാ ചർച്ചയ്ക്കായി ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ വി കെ പ്രകാശിനെ പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. ഹൈക്കോടതി കഴിഞ്ഞയാഴ്ച അനുവദിച്ച മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥകൾ അനുസരിച്ചായുരുന്നു നടപടി. രാവിലെ 10.30ന് സ്റ്റേഷനിൽ എത്തിയ പ്രകാശ് നടപടികൾ പൂർത്തിയാക്കി 12.30ന് പുറത്തിറങ്ങി. ഹൈക്കോടതി നിർദേശപ്രകാരം രണ്ടുപേരുടെ ജാമ്യത്തിലാണ് വിട്ടയച്ചത്. ചൊവ്വാഴ്ചയാണ് മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ പ്രകാശ് ഹാജരായത്. മൂന്നു ദിവസത്തെ മൊഴിയെടുക്കലിനു ശേഷം ജാമ്യം നൽകണമെന്നായിരുന്നു കോടതി നിർദേശം. 

യുവ എഴുത്തുകാരിയും പ്രകാശും താമസിച്ചിരുന്ന കൊല്ലത്തെ ഹോട്ടലിൽ എത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. 2022 ഏപ്രിലിൽ കൊല്ലത്തെ ഹോട്ടലിൽ കഥ പറയാൻ എത്തിയ യുവ എഴുത്തുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. യുവതിയുടെ രഹസ്യ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. യുവതിയെ അറിയാമെന്നും എന്നാൽ അവരോട് ലൈംഗിക അതിക്രമം നടത്തിയില്ലെന്നും കഴിഞ്ഞ ദിവസം പ്രകാശ് പൊലീസിനു മൊഴി നൽകിയിരുന്നു. ടാക്സി കൂലിയിനത്തിലാണ് തന്റെ ഡ്രൈവർ മുഖേന 10000 രൂപ യുവതിക്കു കൈമാറിയതെന്നും പറഞ്ഞിരുന്നു. യുവതിയുടെ മൊഴിയും പ്രകാശിന്റെ മൊഴിയും മറ്റു തെളിവുകളും ഉൾപ്പെടുന്ന വിശദമായ റിപ്പോർട്ട് ഈ ആഴ്ച പ്രത്യേക അന്വേഷണ സംഘത്തിനു സമർപ്പിച്ചേക്കും.

Exit mobile version