Site iconSite icon Janayugom Online

ഇന്തോനേഷ്യയിലെ വീടുകളെ വിഴുങ്ങി അഗ്നിപര്‍വത സ്ഫോടനം;10 പേര്‍ക്ക് ദാരുണാന്ത്യം

വിദൂര ദ്വീപായ ഫ്ലോര്‍സിലുണ്ടായ അഗ്നി പര്‍വത സ്ഫോടനത്തില്‍ കുറഞ്ഞത് 10 പേരെങ്കുിലും മരണപ്പെട്ടതായി ഇന്തോനേഷ്യ ദുരന്ത നിവാരണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

മൗണ്ട് ലെവോഡോപി ലാക്കി മലനിരകളില്‍ ഇന്നലെ അര്‍ദ്ധരാത്രി ഉണ്ടായ അഗ്നിപര്‍വത സ്ഫോടനത്തെത്തുടര്‍ന്ന് 2000 മീറ്റര്‍ ഉയരത്തില്‍ പുറത്ത് വന്ന ബ്രൗണ്‍ നിറത്തിലുള്ള ചാരം വായുവില്‍ പടരുകയും ഇതിന്‍റെ ചൂടില്‍ കത്തോലിക്ക കന്യാസ്ത്രീകളുടെ മഠം ഉള്‍പ്പെടെ വിവിധ ഗ്രാമങ്ങളിലെ വീടുകള്‍ കത്തി നശിക്കുകയും ചെയ്തതായി മൗണ്ട് ലെവോഡോപി ലാക്കി മോണിറ്ററിംഗ് പോസ്റ്റിലെ ഉദ്യോഗസ്ഥന്‍ യൂസഫ് പറഞ്ഞു. 

അഗ്നിപര്‍വത അവശിഷ്ടങ്ങള്‍ അതിന്‍റെ ഗര്‍ത്തത്തില്‍ നിന്നും 6 കിലോമീറ്ററോളം ദൂരം പുറന്തള്ളപ്പെട്ടതിന്‍റ ഭാഗമായി സമീപത്തുള്ള ഗ്രാമങ്ങളെല്ലാം അഗ്നിപര്‍വത അവശിഷ്ടങ്ങളാല്‍ നിറയുകയും ആളുകള്‍ ഇവിടെ നിന്ന് പലായനം ചെയ്യുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. 

തകര്‍ന്ന വീടുകള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണെന്ന് ദേശീയ ദുരന്തനിവാരണ ഏജന്‍സി വക്താവ് അബ്ദുള്‍ മുഹാരി പറഞ്ഞു. ഒരു കുട്ടിയുടേതുള്‍പ്പെടെ കണ്ടെത്തിയ മൃതദേഹങ്ങളെല്ലാം ഗര്‍ത്തതിന് 4 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് ലഭിച്ചതെന്നും മുഹാരി പറഞ്ഞു. വുലാങ്കിതാങ് ജില്ലയിലെ 6 ഗ്രാമങ്ങളിലെയും ബുറ ജില്ലയിലെ 4 ഗ്രാമങ്ങളിലെയും 10000 പേരെയെങ്കിലും സ്ഫോടനം ബാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. ചില ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറി. അതേസമയം ഇവിടുത്തെ പ്രാദേശിക സര്‍ക്കാര്‍ സ്കൂളുകളില്‍ താല്ക്കാലിക താമസ സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 

Exit mobile version