Site iconSite icon Janayugom Online

എത്യോപ്യയിൽ അഗ്നിപര്‍വത സ്ഫോടനം; ഏഷ്യൻ വ്യോമഗതാഗതത്തെ ബാധിച്ചു, ഇന്ത്യയിലടക്കം ജാഗ്രതാ നിര്‍ദേശം

എത്യോപ്യയിൽ അഗ്നിപര്‍വത സ്ഫോടനം. അഫാർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഹെയ്‌ലി ഗബ്ബി അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായാണ് ഈ അഗ്നിപർവതം സജീവമാകുന്നത്. അഗ്നിപർവത സ്ഫോടനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഫോടനത്തെ തുടർന്ന് 15 കിലോമീറ്റർ വരെ ഉയരത്തിൽ ചാരം നിറഞ്ഞ പുക ഉയർന്നു. വർഷങ്ങളായി നിർജ്ജീവമായി കണക്കാക്കിയിരുന്ന ഈ അഗ്നിപർവതത്തിൽ നിന്നുയർന്ന കരിമേഘം ചെങ്കടലിന് മുകളിലൂടെ യെമൻ, ഒമാൻ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും നീങ്ങിയിട്ടുണ്ട്.

സ്ഫോടനത്തെത്തുടർന്നുണ്ടായ ശക്തമായ പുക ഏഷ്യയിലെ വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു. നിരവധി വിമാനങ്ങൾ വൈകുകയും ചില വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. വിമാനക്കമ്പനികൾക്ക് ഡി ജി സി എ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇൻഡിഗോ മിഡിൽ ഈസ്റ്റിലേക്കുള്ള ചില വിമാനങ്ങൾ റദ്ദാക്കുകയും കണ്ണൂരിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനം വഴിതിരിച്ചുവിടുകയും ചെയ്തു. ഡച്ച് വിമാനക്കമ്പനിയായ കെ എൽ എം, ആംസ്റ്റർഡാമിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനവും റദ്ദാക്കി. ഡൽഹിയിലും മഹാരാഷ്ട്രയിലും അടക്കം ശക്തമായ കരിമേഘം ദൃശ്യമായി. അതേസമയം, അഗ്നിപർവതം സ്ഥിതി ചെയ്യുന്ന അഫാർ മേഖലയ്ക്കടുത്തുള്ള അഫെഡെറ ഗ്രാമം പൂർണ്ണമായും ചാരം കൊണ്ട് മൂടി. ആളപായമില്ലെങ്കിലും കന്നുകാലി വളർത്തി ഉപജീവനം നടത്തുന്ന ഗ്രാമവാസികളുടെ ജീവിതത്തെ ഇത് സാരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.

Exit mobile version