Site iconSite icon Janayugom Online

ആന്ധ്രാപ്രദേശില്‍ വോള്‍വോ ബസിന് തീപിടിച്ച സംഭവം; 24പേരുടെ മരണം സ്ഥിരീകരിച്ചു

ആന്ധ്രാപ്രദേശില്‍ വോള്‍വോ ബസിന് തീപിടിച്ച് വന്‍ അപകടത്തിൽ 24പേരുടെ മരണം സ്ഥിരീകരിച്ചു. ബസില്‍ 40 പേരുണ്ടായിരുന്നു.
ബസ് പൂര്‍ണമായി കത്തി നശിച്ചു. ഹൈദരാബാദില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്രയിലെ കുര്‍നൂലില്‍ പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം സംഭവിച്ചത്. കാവേരി ട്രാവല്‍സ് എന്ന വോള്‍വോ ബസിനാണ് തീപിടിച്ചത്. ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഈ വാഹനം ബസിനടിയില്‍ കുടുങ്ങിപ്പോയിരുന്നു.

ഈ അപകടമാണ് തീപിടിക്കാന്‍ കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രക്ഷപ്പെട്ടവരില്‍ പലരും ഗുരുതരമായ പൊള്ളലേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 12 യാത്രക്കാര്‍ എക്‌സിറ്റുവഴിയും ജനല്‍ച്ചില്ലുകള്‍ തകര്‍ത്തും പുറത്തുകടന്നു. എസി ബസ്സായതിനാലും ഡോര്‍ ലോക്കായതിനാലും പുറത്തുകടക്കാനാവാതെ പലരും വെന്തുമരിച്ചു. പ്രദേശത്ത് പെയ്ത കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. അതേസമയം, ഡ്രൈവറും ബസ് ജീവനക്കാരും സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദാന്വേഷണം നടത്തുകയാണ്. മുഴുവന്‍ ഗ്ലാസ് വിന്‍ഡോകളുള്ള എസി ബസാണ് അപകടത്തില്‍പ്പെട്ടത്. ജനല്‍ച്ചില്ല് തകര്‍ത്ത് പുറത്തേക്ക് ചാടി ചില യാത്രക്കാര്‍ രക്ഷപ്പെട്ടതായി കുര്‍നൂല്‍ എസ് പി വിക്രാന്ത് പാട്ടീല്‍ അറിയിച്ചു. ബസില്‍ 40 യാത്രക്കാരും രണ്ട് ബസ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പരുക്കുകളോടെ പതിനഞ്ചോളം പേരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

Exit mobile version