ബിഹാറിലെ അതീതീവ്ര പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ (സിഇസി) ഗ്യാനേഷ് കുമാറിന്റെ വാദം തള്ളി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. വീടില്ലാത്തവരെയാണ് വീട്ടു നമ്പര്‍ പൂജ്യമെന്ന് ചേര്‍ത്ത് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന ഗ്യാനേഷ് കുമാറിന്റെ വാദം നിരാകരിച്ച സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) വോട്ടര്‍ പട്ടികയില്‍ തെറ്റ് കടന്നുകൂടിയെന്നും ശുദ്ധീകരണം നടത്തുമെന്നും അറിയിച്ചു.
വീട്ടുനമ്പര്‍ അനുവദിക്കാത്ത വോട്ടര്‍മാര്‍ക്ക് പൂജ്യമെന്ന വീട്ടു നമ്പര്‍ നല്‍കി പട്ടികയില്‍ പേര് ചേര്‍ക്കുക പതിവാണെന്നായിരുന്നു ഗ്യാനേഷ് കുമാര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തോട് പ്രതികരിച്ചത്.
ഈ വാദം പാടെ നിരാകരിക്കുന്ന നിലപടാണ് സംസ്ഥാനത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വിനോദ് സിങ് ഗുന്‍ജിയാല്‍ സ്വീകരിച്ചത്. പൂജ്യമെന്ന വീട്ടുനമ്പര്‍ അടിസ്ഥാനമാക്കി പേര് ചേര്‍ത്തതില്‍ പിഴവ് സംഭവിച്ചെന്നും ഇത്തരക്കാരെ ഒഴിവാക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന എസ് വൈ ഖുറേഷിയും ഗ്യാനേഷ് കുമാറിന്റെ വാദം തളളിയിരുന്നു.

