കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരിയിലെയും ലക്ഷദ്വീപിലെയും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പുതുക്കൽ നടപടികൾക്ക് ശേഷം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരു കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ വർധനയുണ്ട്. കരട് പട്ടിക തയ്യാറാക്കിയതിലെ അപാകതകളും ഇത് സൂചിപ്പിക്കുന്നു. പുതുച്ചേരിയിൽ ആകെ 9,44,211 വോട്ടർമാരാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഇത് 9,18,111 ആയിരുന്നു. അപേക്ഷകൾ പരിഗണിച്ച് 42,719 പേരെ പുതുതായി പട്ടികയിൽ ഉൾപ്പെടുത്തി. മരിച്ചവരും താമസം മാറിയവരും ഉൾപ്പെടെ അർഹതയില്ലാത്ത 16,619 പേരെ നീക്കം ചെയ്തു.
ഒക്ടോബറിൽ വോട്ടർമാരുടെ എണ്ണം 10 ലക്ഷത്തിന് മുകളിലായിരുന്നു. ഒരു ലക്ഷത്തിലധികം പേരെ പട്ടികയില്‍ ഒഴിവാക്കിയിരുന്നു. ലക്ഷദ്വീപിൽ ആകെ 57,607 വോട്ടർമാരാണുള്ളത്. ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് പട്ടികയെക്കാൾ 1,223 വോട്ടർമാരുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 1,270 പേരെ പുതിയ വോട്ടർമാരായി അംഗീകരിച്ചുവെന്നും 47 പേരെ ഒഴിവാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

