Site iconSite icon Janayugom Online

ബംഗ്ലാദേശിൽ വോട്ടെടുപ്പ് പൂർത്തിയായി; 48% പോളിംഗ്, വോട്ടെണ്ണൽ തുടങ്ങി

ബംഗ്ലാദേശിലെ പൊതുതെരഞ്ഞെടുപ്പ് പൂർത്തിയായി. 48 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 299 പാർലമെന്റ് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിനൊപ്പം രാജ്യത്തിന്റെ ഭരണഘടനാ പരിഷ്കരണത്തിനായുള്ള നിർണ്ണായക ഹിതപരിശോധനയും നടന്നു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അവാമി ലീഗിനെ നിരോധിച്ചതിനെത്തുടർന്ന്, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. വോട്ടെടുപ്പ് സുതാര്യമാണെങ്കിൽ ഫലം അംഗീകരിക്കുമെന്ന് ബിഎൻപി ചെയർമാൻ താരിഖ് റഹ്മാനും ജമാഅത്തെ ഇസ്‌ലാമി അമീർ ഷഫീഖുർ റഹ്മാനും വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനിടെ വിവിധയിടങ്ങളിൽ ബോംബേറും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗോപാൽഗഞ്ചിൽ പോളിംഗ് സ്റ്റേഷനുനേരെയുണ്ടായ ബോംബേറിൽ 13 വയസ്സുകാരിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഖുൽനയിൽ ബിഎൻപി-ജമാഅത്ത് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരു ബിഎൻപി നേതാവ് കൊല്ലപ്പെട്ടു. മുൻഷിഗഞ്ചിലും സിൽഹെറ്റിലും പോളിംഗ് സ്റ്റേഷനുകൾക്ക് സമീപം ബോംബ് സ്ഫോടനങ്ങളും സംഘർഷങ്ങളുമുണ്ടായി. ഏകദേശം 12.7 കോടി വോട്ടർമാരുള്ള രാജ്യത്ത് സുരക്ഷയ്ക്കായി പത്ത് ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. വോട്ടെണ്ണൽ ആരംഭിച്ചതായും ആദ്യ സൂചനകൾ ഉടൻ പുറത്തുവരുമെന്നും അധികൃതർ അറിയിച്ചു.

Exit mobile version