Site iconSite icon Janayugom Online

വോട്ടിങ് യന്ത്രം: വീണ്ടുമുയരുന്ന ആശങ്കകള്‍

ലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വീണ്ടും ചര്‍ച്ചയില്‍ നിറയുകയാണ്. തെരഞ്ഞെടുപ്പിലെ സുതാര്യതയെക്കുറിച്ചുള്ള ആശങ്കകളാണ് ഇപ്പോഴും ഉയരുന്നത്. വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്) സംവിധാനമുള്ള ഇവിഎമ്മുകൾ വേണ്ടത്ര സമഗ്രമല്ലെന്ന ആക്ഷേപം നേരത്തെ നിലവിലുണ്ട്. മാത്രമല്ല, വിവിപാറ്റ് രശീതികള്‍ രേഖപ്പെടുത്തപ്പെട്ട യഥാർത്ഥ വോട്ടുകളുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നതാണോ എന്ന കണക്കെടുത്തിട്ടുമില്ല. അതിനാൽ കൃത്രിമത്വവും അപകടസാധ്യതയും തള്ളിക്കളയാനാകില്ല. കുറച്ചുനാള്‍ മുമ്പ് ഒരു ഗവേഷണ പ്രബന്ധം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ “അനാശാസ്യ ഇടപെടലുകള്‍” കണ്ടെത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു.
2023 ഡിസംബർ 20ന് നടന്ന പ്രതിപക്ഷ പാർട്ടികളുടെ സഖ്യം ഇന്ത്യയുടെ യോഗം ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളുടെ സത്യസന്ധതയില്‍ സംശയം പ്രകടിപ്പിക്കുകയും വിവിപാറ്റ് സ്ലിപ്പുകൾ എല്ലാ വോട്ടർമാർക്കും നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിവിപാറ്റ് രശീതുകള്‍ പൂര്‍ണമായും എണ്ണണമെന്നാവശ്യപ്പെട്ട് പ്രമേയവും പാസാക്കി. തങ്ങളുടെ വോട്ടുകളിൽ കൃത്രിമം നടന്നിട്ടില്ലെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടാന്‍ ഇതാവശ്യമാണ്. ഇവിഎമ്മുകളുടെ രൂപകല്പനയും പ്രവർത്തനവും സംബന്ധിച്ചുള്ള ആശങ്കകളടങ്ങിയ വിശദമായ മെമ്മോറാണ്ടം ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ, ആ മെമ്മോറാണ്ടവുമായി ബന്ധപ്പെട്ട് ഇന്ത്യ സംഘത്തെ കാണാൻ പോലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിമുഖത കാണിച്ചുവെന്നും തങ്ങളുടെ ആശങ്കകളോട് കമ്മിഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.


ഇതുകൂടി വായിക്കൂ: വീണ്ടെടുക്കേണ്ടത് തെരഞ്ഞെടുപ്പിലെ വിശ്വാസ്യത


2023 ഓഗസ്റ്റിൽ, അശോക സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ സബ്യസാചി ദാസ് എഴുതിയ ‘ജനാധിപത്യത്തിന്റെ അപചയം-ജനാധിപത്യ മാനദണ്ഡങ്ങളില്‍ നിന്നും സ്വേച്ഛാധിപത്യത്തിലേക്കുള്ള പിന്‍വാങ്ങല്‍’ എന്ന പ്രബന്ധത്തില്‍ ബിജെപി കടുത്ത പോരാട്ടം നേരിടേണ്ടിവന്ന മണ്ഡലങ്ങളില്‍, പ്രത്യേകിച്ച് അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കൃത്രിമം നടന്നതായി സ്ഥാപിക്കുന്നു. ഈ നിഗമനത്തിലെത്താൻ മക്രാരി ടെസ്റ്റ്, ബെൻഫോഡ് നിയമം തുടങ്ങിയ സ്റ്റാറ്റിസ്റ്റിക്കൽ ടെസ്റ്റുകൾ താൻ ഉപയോഗിച്ചതായി ദാസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിലെ ക്രമക്കേട് പ്രാദേശികതലത്തിലാണെന്നും വ്യാപകമല്ലെന്നും ഗവേഷണ പ്രബന്ധം സൂചിപ്പിച്ചിരുന്നു. ഇതുമൂലം വിജയത്തിന്റെ മാർജിൻ കൃത്യമായി പ്രവചിക്കാൻ ബിജെപിക്ക് കഴിഞ്ഞു, പ്രത്യേകിച്ച് ഇഞ്ചോടിഞ്ച് മത്സരം പ്രതീക്ഷിച്ചിരുന്ന മണ്ഡലങ്ങളില്‍— ദാസ് ചൂണ്ടിക്കാട്ടി.
ഈ വാദങ്ങളെ ഖണ്ഡിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സര്‍ക്കാരിനും ഉത്തരമുണ്ടെങ്കില്‍ നൽകണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ തന്റെ ട്വീറ്റിൽ ആവശ്യപ്പെടുകയും ചെയ്തു. അതേസമയം അശോക സർവകലാശാലയാകട്ടെ പ്രബന്ധത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. പ്രബന്ധം അക്കാദമിക് ജേണലില്‍ പ്രസിദ്ധീകരിക്കാന്‍ സര്‍വകലാശാല തയ്യാറായില്ല. ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളിലെ സംസ്ഥാന സിവിൽ സർവീസ് ഓഫിസർമാരായ നിരീക്ഷകർ കൂടുതലുള്ള മണ്ഡലങ്ങളിലാണ് കൃത്രിമം നടന്നിരിക്കാൻ സാധ്യത എന്ന് പ്രബന്ധത്തിൽ പറഞ്ഞിട്ടുണ്ട്.
2019ലെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കൃത്രിമം നടന്നിരുന്നോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമായ ഉത്തരം നൽകിയില്ലെന്നത്, പഴയതും പുതിയതുമായ ഇവിഎമ്മുകളിലൂടെയുള്ള വോട്ടിങ്, കൗണ്ടിങ് സംവിധാനങ്ങളില്‍ കൂടുതൽ ദുരൂഹത സൃഷ്ടിക്കുകയും ചെയ്യുന്നു. ‘ഞങ്ങളുടെ നിർദേശം ലളിതമാണ്. വിവിപാറ്റ് സ്ലിപ്പ് പെട്ടിയിൽ വീഴുന്നതിനുപകരം, അത് വോട്ടർക്ക് കൈമാറണം. അവര്‍ അത് പരിശോധിച്ച ശേഷം ഒരു പ്രത്യേക പെട്ടിയില്‍ നിക്ഷേപിക്കണം. പിന്നീട് ഈ സ്ലിപ്പുകള്‍ എണ്ണിയാൽ മതി.’ പ്രതിപക്ഷ സഖ്യം ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം പറയുന്നു. “ഇത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പൂർണവിശ്വാസം പുനഃസ്ഥാപിക്കു“മെന്നും പ്രമേയം പറയുന്നു.


ഇതുകൂടി വായിക്കൂ: ബിജെപിയുടെ വർഗീയ പ്രചരണവും ഏറ്റുപിടിക്കുന്ന കോൺഗ്രസും


പൊതുതെരഞ്ഞെടുപ്പില്‍ ഒരു പാർലമെന്റ് മണ്ഡലത്തിലെ ഓരോ അസംബ്ലി സെഗ്‌മെന്റിലെ അഞ്ച് ഇവിഎമ്മുകളുടെ വിവിപാറ്റ് സ്ലിപ്പുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുക. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഓരോ അസംബ്ലി മണ്ഡലത്തിലും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് പരിശോധനയാണ് നടക്കുക. അപൂര്‍ണമായ ഈ പരിശോധന കൃത്രിമത്വം തെളിയിക്കുന്നതിന് പര്യാപ്തമായ തെളിവാകുന്നില്ല. പേപ്പർ രേഖകൾ നൽകുന്ന വിവിപാറ്റുമായാണ് പുതിയ ഇവിഎമ്മുകൾ വരുന്നതെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാൽ അവ എത്രയെന്ന് വ്യക്തമല്ല. പഴയ ഇവിഎമ്മുകൾ പൂര്‍ണമായും മാറ്റുമെന്ന ഉറപ്പുമില്ല.
ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കുകയോ തകരാര്‍ സംഭവിക്കുകയോ ചെയ്തതായി പലപ്പോഴും ആരോപണമുയർന്നിട്ടുണ്ട്. പല കേസുകളിലും ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കൃത്രിമം കാണിക്കുന്നതിനായി പോളിങ്ങിന് മുമ്പോ ശേഷമോ ഇവിഎമ്മുകളിൽ കൃത്രിമം നടന്നേക്കാമെന്ന ആരോപണങ്ങൾ തള്ളിക്കളയാനാകില്ല. ഇവിഎമ്മുകളുടെ ഹാക്കിങ് അഥവാ ബാഹ്യ ഇലക്ട്രോണിക് വയർലെസ് ഇടപെടലും വളരെക്കാലമായി നിലനില്‍ക്കുന്ന ആശങ്കയാണ്. ഇവിഎമ്മുകളുടെ നിർമ്മാണം, സംഭരണം, വിതരണം എന്നിവ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ അധികൃതരില്‍ നിന്നുണ്ടായിട്ടില്ലെന്ന വാർത്തകളും സുതാര്യതയില്ലായ്മയെ സൂചിപ്പിക്കുന്നു. ഡിജിറ്റല്‍ നിരക്ഷര വോട്ടര്‍മാര്‍ക്ക് യന്ത്രം ഉപയോഗിക്കുന്നതിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഇവിഎമ്മുകൾ ദുരുപയോഗം ചെയ്യുന്നതിനിടയുള്ളതാണ്.


ഇതുകൂടി വായിക്കൂ: രഥ പ്രഭാരി; വിവാദവും തെരഞ്ഞെടുപ്പ് കമ്മിഷനും


ഓരോ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും സ്വതന്ത്ര ഏജൻസികൾ ഇവിഎമ്മുകൾ സമഗ്രമായി പരിശോധിച്ച് ഉറപ്പ് വരുത്തുമെന്നും മെഷീനുകൾ ഹാക്കിങ്ങിനോ കൃത്രിമത്വത്തിനോ ഇരയാകില്ലെന്നും ഇസിഐ ഉറപ്പുനൽകുന്നുണ്ടെങ്കിലും, പ്രതിപക്ഷ പാർട്ടികളുടെ ആശങ്കകളോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഉന്നയിക്കുന്ന ചോദ്യത്തിന് ഉത്തരം പോലും നൽകുന്നില്ല. പൂര്‍ണമായും പുതിയ ഇവിഎമ്മുകള്‍ ഉപയോഗിക്കുകയും മുഴുവന്‍ വിവിപാറ്റുകളും എണ്ണുകയും വേണമെന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, അതും കൃത്രിമത്വത്തിന് പൂര്‍ണ പരിഹാരമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് നിലവിലെ പരിശോധനയുടെ അധികരിച്ച രൂപം മാത്രമായിരിക്കുമെന്നാണവര്‍ വാദിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് 1982ൽ ഇവിഎമ്മുകൾ അവതരിപ്പിച്ചതിന് ശേഷം ഇന്ത്യയിൽ ഇതുവരെ നടന്നിട്ടില്ലാത്ത സമ്പൂർണ പേപ്പർ ബാലറ്റ് തെരഞ്ഞെടുപ്പോ യന്ത്രങ്ങളുടെ സ്വതന്ത്ര ഓഡിറ്റോ വേണമെന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെട്ടത്. 2004 മുതൽ എല്ലാ ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ഇവിഎം മാത്രമാണ് ഉപയോഗിക്കുന്നത്.
2023 ഓഗസ്റ്റ് ഒമ്പതിന് ഇന്ത്യ സഖ്യം, ഇവിഎമ്മുകളെക്കുറിച്ചുള്ള ആശങ്കകൾ വിശദീകരിക്കുന്ന ഒരു മെമ്മോറാണ്ടം ഇസിഐക്ക് സമർപ്പിച്ചിരുന്നു. കമ്മിഷനില്‍ നിന്ന് പ്രതികരണം ലഭിക്കാത്തതിനെത്തുടർന്നാണ് ഡിസംബർ 20ന് പുതിയ പ്രമേയം പാസാക്കുകയും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഡിസംബർ 30ന് ഇത് ഇസിഐക്ക് അയയ്ക്കുകയും ചെയ്തത്. പ്രമേയത്തിന്റെ പകർപ്പ് കൈമാറാനും ചർച്ച നടത്താനും ഇസിഐയെ കാണാൻ ശ്രമിച്ചുവെങ്കിലും അനുവാദം ലഭിച്ചില്ലെന്ന് ജയറാം രമേശ് പറഞ്ഞു. ഓഗസ്റ്റ് 23ന് ഇസിഐ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അത് പതിവ് വിശദീകരണം മാത്രമാണെന്നും ആശങ്കകൾക്കുള്ള ഉത്തരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ രണ്ടിന് അഭിഭാഷകൻ മുഖേന കമ്മിഷന് ഒരു റിമെന്‍ഡർ അയച്ചിട്ടും ഉത്തരം ലഭിച്ചിട്ടില്ല. ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഇന്ത്യ സഖ്യത്തിന്റെ പ്രതിനിധികളെ കാണാനും കേൾക്കാനും അവസരം നൽകിയിട്ടില്ല.
(അവലംബം: ഐപിഎ)

Exit mobile version