15 October 2024, Tuesday
KSFE Galaxy Chits Banner 2

‘രഥ പ്രഭാരി’ വിവാദവും തെരഞ്ഞെടുപ്പ് കമ്മിഷനും

സാറാ തനവാല
October 28, 2023 4:24 am

മുതിർന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രഥ പ്രഭാരികളായി നാമനിർദേശം ചെയ്തുകൊണ്ട് പുറത്തിറക്കിയ പുതിയ സർക്കുലർ കേന്ദ്രസർക്കാരിന്റെ കെെപൊള്ളിച്ചിരിക്കുകയാണ്. മുതിർന്ന ഉദ്യോഗസ്ഥർ നരേന്ദ്ര മോഡി സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കണമെന്നായിരുന്നു സര്‍ക്കുലര്‍. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും സംസ്ഥാന നിയമസഭകളിലേക്ക് പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പുകളുടെയും വെളിച്ചത്തിൽ, മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും പാർട്ടിപ്രചരണത്തിന് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചതിനും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ, പൗരസംഘടനകള്‍, മാധ്യമ സംഘടനകൾ എന്നിവരിൽ നിന്ന് രൂക്ഷ വിമർശനമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
കേന്ദ്ര ധനമന്ത്രാലയം, റവന്യു വകുപ്പ്, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് തുടങ്ങി വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരെ രഥ പ്രഭാരിമാരായി നാമനിർദേശം ചെയ്യാൻ ഒക്ടോബർ 18നാണ് ഉടൻ പ്രാബല്യത്തില്‍ എന്ന മുഖവുരയോടെ സര്‍ക്കുലര്‍ നല്‍കിയത്. ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മിഷണറെ അഭിസംബോധന ചെയ്യുന്ന സർക്കുലറിൽ, ‘ഇന്ത്യന്‍ സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങളുടെ പ്രദർശനം/ആഘോഷം’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തുടനീളം നവംബർ 20 മുതൽ ജനുവരി 25 വരെ ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും ബോധവൽക്കരണത്തിനും സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും ‘വിക്ഷിത് ഭാരത് സങ്കല്പ്’ യാത്ര സംഘടിപ്പിക്കാനും നിർദേശിക്കുന്നു. രാജ്യത്തെ 765 ജില്ലകളിലെ 2.69 ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ രഥ പ്രഭാരികളായി വിന്യസിക്കുന്നതിന് ഉദ്യോഗസ്ഥരെ നോമിനേറ്റ് ചെയ്യാനാണ് കത്തിൽ അഭ്യർത്ഥിക്കുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 324 പ്രകാരം പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള എല്ലാ തെരഞ്ഞെടുപ്പുകളുടെയും മേൽനോട്ടവും നിർദേശവും നിയന്ത്രണവും നിക്ഷിപ്തമായ ഭരണഘടനാസ്ഥാപനമാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ. വിജയം ഉറപ്പാക്കാൻ ഏതുമാര്‍ഗവും പ്രയോഗിക്കാനുള്ള പ്രേരണ പൊതുവേ സ്ഥാനാർത്ഥികൾക്കും പാർട്ടികൾക്കും ഉണ്ടാകുമെന്നതിനാൽ തെരഞ്ഞെടുപ്പുകാലം സംഘര്‍ഷ സാധ്യതയുള്ളതാണ്. ആ മാർഗങ്ങൾ ഔചിത്യത്തിന്റെയും ന്യായത്തിന്റെയും പരിധിക്കുള്ളിലാണെന്ന് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണ്.

 


ഇതുകൂടി വായിക്കൂ; അധികാരം നിലനിര്‍ത്താന്‍ ജനാധിപത്യത്തെ കൊല്ലരുത്


 

1960ൽ തന്നെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കായി കേരളം ഒരു പെരുമാറ്റച്ചട്ടം തയ്യാറാക്കി. ഇതിന് നല്ല സ്വീകാര്യത ലഭിക്കുകയും 1962ലെ പൊതുതെരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും മാർഗനിർദേശങ്ങൾ പാലിക്കാൻ സമ്മതിക്കുകയും ചെയ്തു. 1974ൽ, മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ കരട് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ പ്രചരിപ്പിക്കുകയും 1979ൽ ചട്ടം നിലവിൽ വരികയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രകടനപത്രികകൾ, ഘോഷയാത്രകൾ, പ്രസംഗങ്ങൾ, പോളിങ് ബൂത്തുകൾ, വോട്ടെടുപ്പ് ദിവസത്തിന് മുമ്പുള്ള പൊതു പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് പാർട്ടികളെയും സ്ഥാനാർത്ഥികളെയും നിയന്ത്രിക്കാനുള്ള മാനദണ്ഡങ്ങളാണ് ചട്ടത്തിലുള്ളത്.
പ്രധാനമായും രണ്ട് കാര്യങ്ങള്‍ കോഡ് ഊന്നിപ്പറയുന്നുണ്ട്. ഒന്ന്- തെരഞ്ഞെടുപ്പിൽ അനാവശ്യ നേട്ടം കൊയ്യാൻ സർക്കാർ സംവിധാനം ഉപയോഗിച്ചുള്ള ഭരണകക്ഷിയുടെ അധികാര ദുർവിനിയോഗം; രണ്ട്- എതിര്‍ സ്ഥാനാർത്ഥികൾക്കും കക്ഷികൾക്കും നേരെ അസഭ്യഭാഷ ഉപയോഗിക്കല്‍, മതം, ജാതി, ലിംഗഭേദം, പ്രദേശം മുതലായവയെ അടിസ്ഥാനമാക്കിയുള്ള പ്രചരണം നിയന്ത്രിക്കല്‍ എന്നിവ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാവുകയും തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ പ്രാബല്യത്തിൽ തുടരുകയും ചെയ്യും. ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തുടനീളം കോഡ് ബാധകമാണ്. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടിങ് നടക്കുന്ന സംസ്ഥാനത്തും ചട്ടം ബാധകമാണ്. 1967 വരെ, ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടന്നതിനാൽ ഇത് ഒരു പ്രശ്നമല്ലായിരുന്നു. എന്നാൽ പിന്നീട് കേന്ദ്രം ഭരിക്കുന്ന കക്ഷി സംസ്ഥാന തെരഞ്ഞെടുപ്പിലും നേട്ടങ്ങൾ കൊയ്യാനിടയുണ്ടെന്ന് വന്നപ്പോള്‍ അത് പ്രശ്നങ്ങൾ സൃഷ്ടിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയം മുതൽ, മന്ത്രിമാരും മറ്റ് അധികാരികളും സര്‍ക്കാര്‍ വകുപ്പുകളിലും പൊതുസ്ഥാപനങ്ങളിലും നിയമനങ്ങൾ നടത്തരുതെന്നും ഇത് വോട്ടർമാരെ സ്വാധീനിക്കാൻ ഇടയാക്കിയേക്കാമെന്നും ചട്ടത്തിലുണ്ട്. സർക്കാർ ഉദ്യോഗസ്ഥരെ രഥ പ്രഭാരികളായി നിയമിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് രണ്ടുതവണ കത്തയച്ച കേന്ദ്രസർക്കാരിന്റെ മുൻ സെക്രട്ടറി ഇ എ എസ് ശർമ്മ ഇക്കാര്യം വ്യക്തമാക്കുന്നു. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കുറഞ്ഞത് നാല് കേന്ദ്ര മന്ത്രിമാരെങ്കിലും മത്സരിക്കുന്നുണ്ടെന്ന് ഇക്കഴിഞ്ഞ 23ലെ രണ്ടാമത്തെ കത്തിൽ ശർമ്മ ചൂണ്ടിക്കാട്ടി. നരേന്ദ്ര സിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, ഫഗ്ഗൻ സിങ് കലസ്തെ എന്നിവര്‍ മത്സരിക്കുന്നവരുടെ കൂട്ടത്തില്‍ ഉൾപ്പെടുന്നു.


ഇതുകൂടി വായിക്കൂ;  വെളിച്ചം കെടുത്തുന്നവര്‍ വിളക്കും തകര്‍ക്കുമ്പോള്‍


 

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നുകഴിഞ്ഞാൽ, കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാന്‍ സർക്കാർ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണകക്ഷിയുടെ സ്ഥാനാർത്ഥികളെ അയോഗ്യരാക്കാന്‍ കാരണമാകുമെന്നും കത്തിൽ പറയുന്നു. വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ള ഏതൊരു പ്രവർത്തനത്തിലും സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് കേന്ദ്ര സിവിൽ സർവീസസ് ചട്ടങ്ങൾ 1964 (റൂൾ 5(4)) ന്റെ ലംഘനമാണ്. ഐപിസി സെക്ഷൻ 171 സി പ്രകാരവും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്മാരെ രഥ പ്രഭാരികളായി പ്രവർത്തിക്കാൻ നിർബന്ധിക്കുന്നത് ശിക്ഷാർഹമാണ്. ‘ദ വയറി‘ന് നൽകിയ അഭിമുഖത്തിൽ സർക്കുലർ ‘നിയമവിരുദ്ധം’ എന്ന് പ്രഖ്യാപിച്ച ശര്‍മ്മ, ചട്ടം പ്രാബല്യത്തിലിരിക്കെ ഉദ്യോഗസ്ഥർ മത്സരാര്‍ത്ഥികളുള്‍പ്പെട്ട സർക്കാരിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നത് വിചിത്രമാണെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം രൂപപ്പെട്ടത് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സമവായത്തിലൂടെയാണ്. അതിന് നിയമത്തിന്റെ പിന്‍ബലമില്ല. ചട്ടത്തിന്റെ ഏതെങ്കിലും ലംഘനം, ഇസിയുടെ കാരണം കാണിക്കൽ നോട്ടീസ് അല്ലെങ്കിൽ തെറ്റ് ചെയ്ത വ്യക്തിക്ക് നിശ്ചിതസമയത്തേക്ക് തെരഞ്ഞെടുപ്പ് രംഗത്ത് നിന്നുള്ള വിലക്ക് എന്ന ചെറിയ ശിക്ഷയില്‍ അവസാനിക്കും. ഇത് ചട്ടം പാലിക്കുന്നതിനെക്കാള്‍, ലംഘനം പിന്തുടരുന്ന ദൗർഭാഗ്യകരമായ അവസ്ഥയിലേക്ക് നയിക്കുന്നു. എങ്കിലും 1991 മുതൽ ചട്ടം കര്‍ശനമായി നടപ്പിലാക്കുന്നതില്‍ ഇസി കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. 2013ൽ, പേഴ്സണൽ, പബ്ലിക് ഗ്രീവൻസ്, നിയമം, നീതി എന്നിവ സംബന്ധിച്ച സ്റ്റാന്റിങ് കമ്മിറ്റി മാതൃകാ പെരുമാറ്റച്ചട്ടം നിയമപരമാക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്നാല്‍ ചട്ടം ഏതാനും ആഴ്ചകൾ മാത്രമേ പ്രാബല്യത്തിൽ വരുന്നുള്ളൂ എന്നതിനാലും രാജ്യത്തെ നീതിന്യായ പ്രക്രിയകൾക്ക് കൂടുതൽ സമയമെടുക്കുന്നതിനാലും നിർബന്ധിത പെരുമാറ്റച്ചട്ടം അപ്രായോഗികമായിരിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി ഇസി ശുപാർശയെ എതിർത്തു.
ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതു സംബന്ധിച്ച ഏറ്റവും പ്രശസ്തമായ കേസ് ഉത്തർപ്രദേശ് സംസ്ഥാനവും രാജ് നരേനും തമ്മിലുള്ളതാണ്. ഈ കേസില്‍ തെരഞ്ഞെടുപ്പു വേളയിൽ വ്യക്തിപരമായ ആവശ്യങ്ങൾക്കും പാർട്ടി ആവശ്യങ്ങൾക്കും വേണ്ടി പൊതുവിഭവങ്ങളെയും ഉദ്യോഗസ്ഥരെയും ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കുറ്റക്കാരിയാണെന്ന് 1975ൽ അലഹബാദ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കണ്ടെത്തി. ‘ഇന്ദിരാ നെഹ്രു തെരഞ്ഞെടുപ്പിന്റെ സാധ്യതകൾക്കായി യശ്പാൽ കപൂറിന്റെ സഹായം തേടി. 1970 ഡിസംബർ 27 മുതൽ ഇന്ദിരയുടെ നിർദേശപ്രകാരം യശ്പാൽ കപൂർ അവർക്കായി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു‘വെന്ന് കോടതി നിരീക്ഷിച്ചു. ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇന്ദിരാഗാന്ധിയെ കോടതി അയോഗ്യയാക്കി. അടിയന്തരാവസ്ഥയുടെ പ്രേരണയായി വര്‍ത്തിച്ചത് ഈ വിധിയാണ്.
(അവലംബം: ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.