2 March 2024, Saturday

Related news

March 1, 2024
March 1, 2024
March 1, 2024
March 1, 2024
February 29, 2024
February 29, 2024
February 28, 2024
February 28, 2024
February 28, 2024
February 28, 2024

ബിജെപിയുടെ വർഗീയ പ്രചരണവും ഏറ്റുപിടിക്കുന്ന കോൺഗ്രസും

ഡോ. ഗ്യാൻ പഥക് 
November 16, 2023 4:30 am

നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ നവംബർ ഒമ്പതു മുതൽ രാജസ്ഥാനിൽ ബിജെപി വർഗീയാഗ്നിക്ക് തിരികൊളുത്തിയിരിക്കുന്നു. അടുത്തദിവസങ്ങളില്‍ത്തന്നെ അത് സംസ്ഥാനത്ത് രാഷ്ട്രീയ‑വർഗീയാന്തരീക്ഷം ചൂടുപിടിപ്പിക്കുകയും വിഷജ്വാല വമിക്കാന്‍ തുടങ്ങുകയും ചെയ്തു. നിലവിലെ ഭരണകക്ഷിയായ കോൺഗ്രസും അതിന്റെ ചൂടിലേക്ക് വീണിരിക്കുന്നു. സമാധാനത്തിന്റെയും വികസനത്തിന്റെയും വിഷയങ്ങളെ പിന്നിലാക്കുന്ന വര്‍ഗീയത തെരഞ്ഞെടുപ്പ് പ്രചാരണത്തെ വികൃതമാക്കിയിരിക്കുന്നു. നവംബർ 25നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കേണ്ടത്. വോട്ടിങ് ദിവസം അടുത്തതോടെ ബിജെപി വർഗീയ സംഘർഷം വളർത്താൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് തന്നെ രംഗത്തുണ്ട്. ഉദയ്‌പൂരിൽ തയ്യൽക്കാരനായ കനയ്യ ലാൽ തേലിയെ കൊലപ്പെടുത്തിയ പ്രതികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നദ്ദേഹം ഉറപ്പിച്ച് പറയുന്നു. 2022 ജൂൺ 28 ന് വസ്ത്രം തയ്പിക്കാനെന്നപേരില്‍ എത്തിയ രണ്ടുപേര്‍ കനയ്യ ലാലിനെ അദ്ദേഹത്തിന്റെ തയ്യല്‍ക്കടയില്‍ക്കയറി വധിച്ച സംഭവം ഓർമ്മയുള്ളവര്‍ക്കേ ഗെലോട്ടിന്റെ ആരോപണത്തിന്റെ ആഴം മനസിലാക്കാൻ കഴിയൂ. ഒരാളുടെ അളവ് എടുക്കുന്നതിനിടെ മറ്റേയാള്‍ കനയ്യയെ ആക്രമിക്കുകയും കടയിൽ നിന്ന് വലിച്ചിറക്കി കഴുത്തറുക്കുകയുമായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച കടയിലെ ജീവനക്കാരനും സാരമായി പരിക്കേറ്റു.

എന്നാല്‍ തൊട്ടടുത്ത കടയുടമകളാരും ഇയാളെ രക്ഷിക്കാൻ ശ്രമിച്ചില്ല. അക്രമികൾ മോട്ടോർ സൈക്കിളിൽ രക്ഷപ്പെടുകയായിരുന്നു. തങ്ങള്‍ നടത്തിയ ആക്രമണം റെക്കോഡ് ചെയ്ത് അക്രമികള്‍ തന്നെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. മുഹമ്മദ് റിയാസ് അട്ടാരി, മുഹമ്മദ് ഗൗസ് എന്നിങ്ങനെ രണ്ടുപേരും സ്വയം പരിചയപ്പെടുത്തുന്നതായിരുന്നു വീഡിയോ. ഇസ്ലാമിനെ അപമാനിച്ചതിന് പ്രതികാരം ചെയ്തുവെന്നാണ് അക്രമികൾ അവകാശപ്പെട്ടത്. ഭയാനകവും ഞെട്ടിക്കുന്നതുമായ ഈ സംഭവത്തിനൊരു പശ്ചാത്തലമുണ്ട്. വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട് മേയ് 27ന് ഒരു ചാനല്‍ചര്‍ച്ചയില്‍ ബിജെപി വക്താവ് നൂപുർ ശർമ്മ, മുഹമ്മദ് നബിയെക്കുറിച്ച് വിവാദമായൊരു പരാമർശം നടത്തിയിരുന്നു. സംഘ്പരിവാര്‍ അനുകൂലമായ രാഷ്ട്രീയ‑വർഗീയ വികാരം ഉണർത്തുന്നതില്‍ മുന്‍നിരയിലുള്ള ടൈംസ് നൗ ആണ് ചര്‍ച്ച സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് വാരാണസിയെ ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്നത്. അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതിന് ശേഷം ബിജെപി അണികൾ ഉയർത്തുന്ന മുദ്രാവാക്യം- ‘അയോധ്യ തോ ജാങ്കിഹൈ, കാശി-മഥുര ബാക്കി ഹേ’ (അയോധ്യ വെറും പ്രതീകമാണ്, കാശിയും മഥുരയും കാത്തിരിക്കുന്നു) എന്നാണ്. ഈ പശ്ചാത്തലം സൃഷ്ടിച്ച വർഗീയ ഉന്മാദത്തിന്റെ ഇരയാണ് തയ്യൽക്കാരന്‍. നൂപുർ ശർമ്മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ അയാള്‍ പോസ്റ്റ് ഷെയർ ചെയ്തു. ജൂൺ 11ന് കനയ്യയ്ക്കെതിരെ അയൽവാസിയായ നസീം പരാതി നല്‍കി. 15ന് തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് കനയ്യ പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അക്രമികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വാദത്തിലേക്ക് തിരിച്ചുവരാം.


ഇതുകൂടി വായിക്കൂ:അന്ധമായ നിലപാടുകളില്‍ നട്ടം തിരിയുന്ന യുഡിഎഫ്


സംഭവം നടക്കുമ്പോൾ അധികാരത്തിലിരുന്ന മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നാണ് ഇങ്ങനെയാെരു ആരോപണമെന്നതിനാല്‍ ഏറെ ഗൗരവമുള്ളതാണ്. കൊലപാതകത്തിന് തൊട്ടുപിന്നാലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) കേസന്വേഷണം തുടങ്ങി. അടുത്ത ദിവസം ജൂൺ 29നു തന്നെ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കേസ് ഏറ്റെടുത്തപ്പോള്‍ സംസ്ഥാനം എതിർപ്പ് പ്രകടിപ്പിച്ചില്ല. ‘എൻഐഎ എന്തു നടപടി സ്വീകരിച്ചെന്ന് അറിയില്ല. സംസ്ഥാന പൊലീസിന്റെ എസ്ഒജി കേസന്വേഷണം തുടര്‍ന്നിരുന്നെങ്കിൽ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമായിരുന്നു‘വെന്നാണ് മുഖ്യമന്ത്രി ഗെലോട്ട് പറയുന്നത്. കുറ്റവാളികൾ ബിജെപിയുമായി ബന്ധമുള്ളവരാണെന്ന് ഗെലോട്ട് പറഞ്ഞത്, നേരത്തേ മറ്റ് കേസുകളില്‍ അറസ്റ്റിലായ ഇതേ പ്രതികളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ചില ബിജെപി നേതാക്കൾ പാെലീസ് സ്റ്റേഷനിലെത്തിയിരുന്നതിനെ ചൂണ്ടിയാണ്. ‘തെരഞ്ഞെടുപ്പില്‍ പരാജയം മണത്ത ബിജെപി, വിചിത്രമായ അവകാശവാദങ്ങളുമായി രംഗത്തുവരികയാണ്. ഞങ്ങൾ ആവിഷ്കരിച്ച പദ്ധതികളെക്കുറിച്ചും നടപ്പാക്കിയ നയങ്ങളെക്കുറിച്ചും അവർ ഒരക്ഷരം മിണ്ടുന്നില്ല. പകരം വിഭാഗീയത ഇളക്കിവിടാൻ അവരാഗ്രഹിക്കുന്നു; തെരഞ്ഞെടുപ്പിന് മുമ്പ് കലാപമുണ്ടാക്കാനും. പക്ഷേ ജനങ്ങൾ അവർക്ക് ഉചിതമായ മറുപടി നൽകും’ ഗെലോട്ട് പറഞ്ഞു. ഈ കൊലപാതകം ഗെലോട്ട് സർക്കാരിന്റെ പേരിലെ കളങ്കമാണെന്നും കോൺഗ്രസ് ഭീകരതയോട് അനുഭാവം പുലർത്തിയതിന്റെയും പ്രീണനനയത്തിന്റെയും ഫലമായാണ് കൊല നടന്നതെന്നും നവംബർ ഒമ്പതിന് ഉദയ്‌പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗിച്ചിരുന്നു. ഗെലോട്ടിന് കീഴിലുള്ള സംസ്ഥാന പൊലീസല്ല, പ്രധാനമന്ത്രിയുടെ കീഴിലുള്ള എൻഐഎയുടെ കയ്യിലാണ് കേസ് എന്നതും കൂട്ടിവായിക്കേണ്ടതാണ്. മൂന്ന് മാസത്തിനകം കുറ്റവാളികളെ തൂക്കിലേറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും ഇരയുടെ മകനും പറഞ്ഞു.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയുള്ള വർഗീയ ഗൂഢാലോചനയിൽ സാധാരണക്കാർ അക്രമത്തിന് ഇരയാകുന്നുണ്ടെങ്കിൽ ഗെലോട്ടിന്റെ പ്രസ്താവന തള്ളിക്കളയേണ്ടതല്ല. പക്ഷേ, വർഗീയ കലാപത്തിനെതിരെ കേന്ദ്രവും സംസ്ഥാനവും എന്തുനടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും മുഖ്യമന്ത്രി അശോക് ഗെലോട്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വർഗീയതയുടെ ചൂട് അനുഭവിക്കുന്നുണ്ടെന്നാണ് ഇത് അർത്ഥമാക്കുന്നത്. എന്തുകൊണ്ടാണ് ബിജെപി അങ്ങനെയുള്ള പ്രചരണത്തിന് തയ്യാറായത്, ഭരണകക്ഷിയായ കോൺഗ്രസിന് എത്രത്തോളം ഭീഷണിയാകും തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം ഡിസംബർ മൂന്നിന് വോട്ടെണ്ണലിന് ശേഷം മാത്രമേ വെളിപ്പെടൂ. ഇവിടെ മറ്റുചിലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാരിനു കീഴിൽ മേയ് എട്ട് മുതൽ മണിപ്പൂരിൽ നടന്ന വർഗീയ കലാപം തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽത്തന്നെ മിസോറാമിൽ പാർട്ടിയെ പിന്നോട്ടടിപ്പിച്ചു. സദ്ഭരണം, വികസനം എന്നീ അവകാശവാദങ്ങള്‍ മിസോറാമിൽ ഫലം കണ്ടില്ല. മണിപ്പൂരിലെ അക്രമ സംഭവങ്ങളുടെ വെളിച്ചത്തിൽ സംസ്ഥാനത്തെ എല്ലാ വികസനവും പൂർണമായും നിലച്ചിരിക്കുകയാണ്. ഛത്തീസ്ഗഢിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ, കോൺഗ്രസിനുമേല്‍ നക്സല്‍ ബന്ധം ആരോപിച്ചതിനു പുറമേ അഴിമതിയും ബിജെപി ഉന്നയിച്ചു. പാര്‍ട്ടിയിലെ കടുത്ത ചേരിപ്പോരിനിടയിൽ മധ്യപ്രദേശിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും ബിജെപി വർഗീയത പുറത്തെടുത്തു. എന്നിട്ടും പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ബിജെപി കാലിറടി നിൽക്കുകയാണ്. രാജസ്ഥാനിലും ബിജെപി തങ്ങളുടെ വർഗീയതയുമായി രംഗത്തെത്തിയതിൽ അതിശയിക്കാനില്ല.


ഇതുകൂടി വായിക്കൂ:ഫാസിസം ആക്രമണം വ്യാപകമാക്കിയിരിക്കുന്നു


തെലങ്കാനയിലും മറ്റൊന്നല്ല അവരുടെ ആയുധം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെ ബിജെപി നേതാക്കൾ അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചും സനാതന ധർമ്മത്തെക്കുറിച്ചും ആവർത്തിച്ച് പരാമർശിക്കുകയും കോൺഗ്രസിനെ ഹിന്ദു വിരുദ്ധരും ദേശവിരുദ്ധരുമായി ചിത്രീകരിക്കുകയും ന്യൂനപക്ഷ പ്രീണനം ആരോപിക്കുകയും ചെയ്യുന്നു. ഇസ്രയേൽ‑ഹമാസ് യുദ്ധം വോട്ടർമാരെ വർഗീയവൽക്കരിക്കാനുള്ള മാർഗമാണെന്നും ബിജെപി നേതാക്കൾ പ്രസംഗിക്കുന്നു. ഒബിസി വിഭാഗത്തിന് സാമൂഹ്യനീതി സുഗമമാക്കാൻ ജാതി സെൻസസ് എന്ന വാഗ്ദാനം കോണ്‍ഗ്രസ് മുന്നോട്ടുവച്ചപ്പോള്‍, കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പറഞ്ഞത് ‘ഈ തെരഞ്ഞെടുപ്പില്‍ ജാതിയല്ല വിഷയം, സനാതനധര്‍മ്മമാണ്. സനാതനത്തോടുള്ള ആദരവ് നിലനിര്‍ത്തുന്നതാകണം തെരഞ്ഞെടുപ്പ്. മതത്തെക്കാൾ വലിയ ജാതിയില്ല’ എന്നാണ്. 2024ല്‍ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മൂന്നാം തവണയും അധികാരത്തിലെത്താന്‍ ശ്രമിക്കുന്നതിന് മുന്നോടിയായി നടക്കുന്ന തെരഞ്ഞെടുപ്പിൽ, വർഗീയ രാഷ്ട്രീയം എന്തുസ്വാധീനം ചെലുത്തുമെന്ന് കാലം തെളിയിക്കും. പ്രത്യേകിച്ച് രാജസ്ഥാനിൽ. ഫലം എന്തായാലും, ഒരു കാര്യം വ്യക്തമാണ്, രാജ്യത്ത് വര്‍ധിക്കുന്ന അക്രമങ്ങള്‍ ഒഴിവാക്കാൻ വോട്ടർമാർ രാഷ്ട്രീയ‑വർഗീയ ശ്രമങ്ങളെ തടയേണ്ടതുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്പക്ഷമല്ലാത്തതിനാൽ, ഉത്തരവാദിത്തം പൗരന്മാരിൽ നിക്ഷിപ്തമാണ്. (അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.