ശബരിമല ദ്വാരപാലക ശില്പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവില്‍ കുറവുണ്ടെന്ന കണ്ടെത്തലുമായി വിക്രംസാരാഭായ സ്പേസ് സെന്റര്‍ പരിശോധനാ റിപ്പോര്‍ട്ട്. 1998‑ൽ ശില്പങ്ങളിൽ പൊതിഞ്ഞ സ്വർണ്ണത്തിന്റെ ഭാരവും നിലവിലെ ഭാരവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണത്തിന്റെ അളവിലാണ് ഈ കുറവ് വലിയതോതിൽ കണ്ടെത്തിയിരിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളിൽ സ്വർണം കുറവ് വന്നതായി കണ്ടെത്തി. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. റിപ്പോർട്ട് എസ്‌ഐടി നിഗമനങ്ങൾ സഹിതം തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും കഴിഞ്ഞ ദിവസമാണ് വിഎസ്എസ്‌സിയിൽ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്. ശേഷം കൊല്ലം വിജിലൻസ് കോടതി ഇന്നലെയാണ് റിപ്പോർട്ട് എസ്‌ഐടിക്ക് കൈമാറിയത്.
ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനഫലമാണിത്. ചെമ്പു പാളികളിലെ സ്വർണ്ണത്തിന്റെ അളവും കാലപ്പഴക്കവും തിട്ടപ്പെടുത്തുന്ന റിപ്പോർട്ട് ആണിത്. ശബരിമലയിൽ വലിയ രീതിയിലുള്ള സ്വർണ്ണക്കൊള്ള നടന്നിട്ടുണ്ടെന്ന കാര്യത്തിൽ സ്ഥിരീകരണം നൽകുന്ന റിപ്പോർട്ടാണ് ഇത്. അയ്യപ്പന് മുന്നിൽ കാവൽ നിൽക്കുന്ന ദ്വാരപാലക ശില്പങ്ങളിലും കട്ടളപ്പാളികളിലും ഉണ്ടായിരുന്ന സ്വർണ്ണമാണ് കാണാതായിരിക്കുന്നത്. സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം നിലവിൽ അന്വേഷണം നടത്തിവരികയാണ്. ഇതിനകം തന്നെ തന്ത്രി അടക്കമുള്ള ചിലരെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്.

