കോഴിക്കോട്: വിവാദ പോസ്റ്റിന് പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി.ടി. ബൽറാം. ജി.എസ്.ടി വിഷയത്തിൽ ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ട് കോൺഗ്രസ് കേരളയുടെ എക്സ് പ്ലാറ്റ് ഫോമിലെ പോസ്റ്റ് ആണ് വിവാദമായത്. ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര സമാപിച്ചതിന് തൊട്ടുപിറകെയായിരുന്നു ഈ വിവാദ പോസ്റ്റ്. തിരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിനെ ഇകഴ്ത്തിയെന്ന് കാണിച്ച് ബി.ജെ.പി ദേശീയതലത്തിൽ ഈ പോസ്റ്റ് വലിയ ചർച്ചാവിഷയമാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഈ പോസ്റ്റ് പിൻവലിച്ചു. വിഷയത്തിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നും തെറ്റുപറ്റിയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബൽറാം സ്ഥാനമൊഴിഞ്ഞത്. സോഷ്യൽ മീഡിയാ വിങ് പുനഃസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്ഥാനമൊഴിയാനുള്ള തീരുമാനം നേരത്തെ എടുത്തതാണെന്നും ഇക്കാര്യം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ അറിയിച്ചിരുന്നുവെന്നും വിടി ബൽറാം പറഞ്ഞു.
കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കൂടുതൽ ശ്രദ്ധ വേണ്ടതായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അതിൽ ശ്രദ്ധക്കുറവും അപാകതയും സംഭവിച്ചിട്ടുണ്ട്. അത് ശ്രദ്ധയിൽപെട്ട ഉടനെ പിൻവലിച്ച് തിരുത്തി ഖേദം പ്രകടിപ്പിച്ചു.

