വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശി രംനാരായൺ ഭയ്യർ (31) ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കൂടുതൽ വീഡിയോദൃശ്യങ്ങൾ ശേഖരിച്ചു. കേസിന്റെ സ്ഥിതി വിലയിരുത്തി കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തുന്നത് പരിഗണനയിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അജിത് കുമാർ പറഞ്ഞു. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചത് സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയമാണെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. പത്തംഗ പ്രത്യേക അന്വേഷണസംഘമാണ് (എസ്ഐടി) മൂന്ന് ദിവസമായി കേസന്വേഷിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി.എം. ഗോപകുമാറിനാണ് നേതൃത്വം. സമീപവാസികളുടെ ഫോണുകളിൽനിന്നുള്ള ഡിജിറ്റൽ തെളിവുകൾക്കുപുറമേ സാക്ഷിമൊഴികളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. അത് പൂർണതോതിൽ വിശകലനം ചെയ്തശേഷമാവും കൂടുതൽ നടപടിയെന്ന് അജിത്കുമാർ പറഞ്ഞു.
വാളയാർ ആൾക്കൂട്ട കൊലപാതകം: കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ചു

