Site iconSite icon Janayugom Online

വാളയാർ ആൾക്കൂട്ടാക്രമണ കൊലപാതകം; 25ലക്ഷം രൂപ നഷ്ടപരിഹാരം നൽകാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് രാം നാരായണന്റെ കുടുംബം

വാളയാർ ആൾക്കൂട്ടാക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി ‌രാം നാരായണന്റെ കുടുംബം കേരളത്തിലെത്തി. എസ്‍സി,എസ്‍ടി നിയമപ്രകാരം കേസെടുക്കണമെന്നും 25ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം ആരോപിച്ചു. അതുവരെ കുടുംബം കേരളത്തിൽ തുടരുമെന്നും വ്യക്തമാക്കി. 

ഡിസംബര്‍ 18നാണ് രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരുസംഘം അതിക്രൂരമായി മര്‍ദ്ദിച്ചത്. എന്നാൽ ഇയാളുടെ കയ്യിൽ മോഷണവസ്തുക്കളൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നാട്ടുകാരുടെ മർദനമേറ്റ രാം നാരായൺ ചോരതുപ്പി നിലത്തു വീണു, നാലുമണിക്കൂറോളം വഴിയിൽ കിടന്നു. പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ മർദനമേൽക്കാത്തതായി ശരീരത്തിൽ ഒരു ഭാഗവുമില്ലെന്ന് പറയുന്നു. ചവിട്ടേറ്റു വാരിയെല്ലുകളില്‍ പൊട്ടല്‍, തലയിൽ സാരമായ പരുക്ക്, ശരീരത്തിൽ ചവിട്ട്, കുത്ത് എന്നിവയുടെ പാടുകളുമുണ്ട്. ആന്തരിക രക്തസ്രാവമാണു മരണകാരണം എന്ന് വിദഗ്ദര്‍ വ്യക്തമാക്കി. പോസ്റ്റ്മോർട്ടത്തിനു മുൻപ് മൃതദേഹം മുഴുവനായി സ്കാനിങ്ങിന് വിധേയമാക്കിയതിനാൽ ശരീരത്തിലെ പരുക്കുകൾ കൃത്യമായി കണ്ടെത്താനായി. ആൾക്കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഇന്നലെ ഏറ്റെടുത്തിരുന്നു.

Exit mobile version