Site iconSite icon Janayugom Online

വഖഫ് നിയമനം: പിഎസ്‌സിക്ക് വിട്ട തീരുമാനം നിയമസഭ റദ്ദാക്കി

വഖഫ്‌ നിയമനം പിഎസ്‌സിക്കു വിട്ട ബിൽ റദ്ദാക്കാനുള്ള ബിൽ നിയമസഭ ഐകകണ്‌ഠേന പാസാക്കി. 2022 ലെ കേരള പിഎസ്‌സി (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) റദ്ദാക്കൽ ബില്ലാണ്‌ സഭ പാസാക്കിയത്‌. വിവിധ മുസ്ലീം സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ്‌ റദ്ദാക്കാൻ തീരുമാനിച്ചതെന്ന്‌ മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. ബില്ലുമായി ബന്ധപ്പെട്ട്‌ നിരവധി ചർച്ചകൾ നടന്നു. ബിൽ റദ്ദാക്കണമെന്ന്‌ ഒരു ഘട്ടത്തിലും പ്രതിപക്ഷം ആവശ്യപ്പെട്ടില്ല. നിലവിലുള്ള ജീവനക്കാരെ സംരക്ഷിക്കണം എന്ന നിലപാടാണ്‌ അവര്‍ ആവര്‍ത്തിച്ചിരുന്നത്, അദ്ദേഹം പറഞ്ഞു. 

ബിൽ പൊതു സമൂഹത്തിൽ ഒട്ടേറെ ആശങ്ക ഉയർത്തിയെന്നും തുടർന്ന്‌ മുഖ്യമന്ത്രി വിവിധ സംഘടനകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ്‌ സർക്കാർ നടപടിയെന്ന്‌ മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. അതിൽ ഒരു ദുരഭിമാനവും ഇല്ല. ജനാഭിപ്രായം മാനിച്ചുള്ളതും ഉന്നതമായ ജനാധിപത്യ ബോധം പ്രകടമാക്കുന്നതുമാണ്‌ സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. റദ്ദാക്കൽ ബില്ലിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. 

Eng­lish Summary:Waqf appoint­ment: Leg­is­la­ture over­turns deci­sion left to PSC
You may also like this video

Exit mobile version