ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. ഞായറാഴ്ച പുലർച്ചെ തെക്കൻ ഗാസയിലെ ഖാൻ യൂനുസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പതിനൊന്ന് പേർ കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കില്‍ ഒരു പള്ളിക്കുനേരെ ആക്രമണമുണ്ടായി. സിറിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെയും ഇസ്രയേല്‍ വ്യോമാക്രമണമുണ്ടായി. വടക്കൻ ഗാസയിൽ ആക്രമണം ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും വിപരീതമായിരുന്നു ഇസ്രയേലിന്റെ പ്രവൃത്തി. സുരക്ഷിതമായിരിക്കാൻ തെക്കൻ ഗാസയിലേക്ക് മാറണമെന്ന് ഇസ്രയേലി സൈനിക വക്താവ് ഡാനിയൽ ഹഗാരി ആവശ്യപ്പെട്ട് മണിക്കൂറുകൾ പിന്നിടും മുമ്പേയാണ് ഖാന്‍ യൂനുസില്‍ ആക്രമണമുണ്ടായത്. ഇസ്രയേല്‍ മുന്നറിയിപ്പിന്റെ ഭാഗമായി തെക്കൻ മേഖലകളിലേക്ക് മാറിയവർക്ക് നേരെ മുമ്പും ആക്രമണം ഉണ്ടാകുകയും എഴുപതോളം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
കരയുദ്ധത്തിനായി ഗാസയിലേക്ക് കടക്കുന്ന ഇസ്രയേല്‍ സൈനികര്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കാനാണ് വ്യോമാക്രമണം ശക്തമാക്കുന്നതെന്ന് ഡാനിയേല്‍ ഹഗാരി പറഞ്ഞു. അതേസമയം ഗാസാ മുനമ്പില്‍ കടന്നാല്‍ ഇസ്രയേല്‍ സൈന്യം കനത്ത വില നല്‍കേണ്ടി വരുമെന്ന് ലബനന്‍ ആസ്ഥാനമായ ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കി. ഇറാന്റെ പിന്തുണയും ആയുധ ശേഷിയുമുള്ള ഹിസ്ബുല്ല കൂടി യുദ്ധത്തില്‍ ഇടപെടുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. യുദ്ധം സിറിയയിലേക്കും ലബനനിലേക്കും വ്യാപിച്ചാല്‍ ഇറാന്‍ പ്രത്യക്ഷമായി ഇടപെടുമെന്നും സൂചനയുണ്ട്.
ഇസ്രയേല്‍ ആക്രമണം ശക്തമായതോടെ ലബനനിലെ അതിര്‍ത്തി മേഖലയില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു. 4000 പേരെയാണ് അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്. മേഖലയിലുള്ളവര്‍ വേഗത്തില്‍ ഒഴിഞ്ഞു പോകണമെന്ന നിര്‍ദേശമുണ്ട്. ഇത് യുദ്ധം രൂക്ഷമാകുമെന്നതിന്റെ സൂചനയായി കണക്കാക്കുന്നു. സിറിയന്‍ നഗരങ്ങളായ ഡമാസ്കസിലും അലെപ്പോയിലുമാണ് ഇന്നലെ ഇസ്രയേലി മിസൈലുകള്‍ പതിച്ചത്. ഇസ്രയേലി മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
റാഫ അതിർത്തിവഴി ഗാസയിലേക്ക് സഹായമെത്തിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ തെക്കന്‍ ഗാസയിലേക്കും ആക്രമണം വ്യാപിപ്പിച്ചത്. കഴിഞ്ഞദിവസം 20 ട്രക്കുകള്‍ കടത്തിവിട്ടെങ്കിലും ആശുപത്രികളുടെയും ശുദ്ധജല പ്ലാന്റുകളുടെയും പ്രവർത്തനത്തിന് ആവശ്യമായ ഇന്ധനം വിതരണം ചെയ്യാൻ ഇസ്രയേൽ അനുവദിച്ചിട്ടില്ല. നിലവിൽ 4385 പേരാണ് ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. അതിൽ 1750 ലധികം കുട്ടികളുണ്ടെന്നാണ് യുണിസെഫിന്റെ കണക്ക്. ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം പത്ത് ലക്ഷത്തോളം പേര്‍ ആഭ്യന്തര പലായനത്തിനും വിധേയരായി.
അതിനിടെ കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പശ്ചിമേഷ്യയില്‍ വിന്യസിക്കുമെന്ന് യുഎസ് അറിയിച്ചു. ടെർമിനൽ ഹൈ അൾട്ടിട്യൂഡ് ഏരിയ ഡിഫൻസ് സംവിധാനം, പാട്രിയോട്ട് എയർ ഡിഫൻസ് മിസൈൽ എന്നിവയ്‌ക്കൊപ്പം കൂടുതൽ സേനയെയും പശ്ചിമേഷ്യയിലേക്ക് വിന്യസിക്കുമെന്ന് യുഎസ് അറിയിച്ചു.
പലസ്തീനിലേക്ക് ഇന്ത്യന്‍ സഹായം
ഗാസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായവുമായി ഇന്ത്യ. 6.5 ടൺ മെഡിക്കൽ ഉപകരണങ്ങളും 32 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി ഈജിപ്തിലെ എല്‍-അരിഷ് വിമാനത്താവളത്തിലേക്ക് ഇന്ത്യൻ എയര്‍ഫോഴ്‌സ് സി-17 വിമാനം പുറപ്പെട്ടു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മരുന്നുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ടാര്‍പോളിനുകള്‍, സാനിറ്ററി, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകള്‍ എന്നിവ അവശ്യസാധനങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
English Summary:War spreads; Israel intensified the attack
You may also like this video