റോഡ് അപകടത്തിന് കാരണം എന്തുതന്നെ ആയാലും അപകടത്തിനുശേഷം സംയമനത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. അപരിഷ്കൃത രീതികളും കയ്യൂക്കും ആള്‍ബലവും കാണിക്കുന്നതില്‍ നമ്മള്‍ ഇപ്പോഴും ഒട്ടും പിന്നിലല്ല എന്നാണ് മോട്ടോര്‍വാഹന വകുപ്പ് ഫേസ്ബുക്കില്‍ കുറിച്ചത്.
റോഡ് ചട്ടങ്ങൾ 2017ൽ സമഗ്രമായി പരിഷ്കരിക്കപ്പെട്ടപ്പോൾ ക്ലോസ് 29 കൂട്ടിച്ചേർക്കുക വഴി ഇത്തരത്തിലുള്ള പെരുമാറ്റം നിയമപരമായി തന്നെ നിരോധിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം ശാന്തതയോടെ പെരുമാറണം. മറ്റു വാഹനത്തിലെ ഡ്രൈവറോടോ യാത്രക്കാരോടോ മോശമായി പെരുമാറുകയോ ആക്രമിക്കുകയോ ചെയ്യരുത്. അപകടത്തിൽ പെട്ട വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും വാഹനം മാർഗ തടസമുണ്ടാകാത്ത രീതിയിൽ മാറ്റിയിടുകയും ചെയ്തതിന് ശേഷം അഡ്രസ്, ഫോൺ നമ്പര്‍, ലൈസൻസ്, ഇൻഷുറൻസ് എന്നിവയുടെ വിവരങ്ങൾ പരസ്പരം കൈമാറുകയും വേണം.
ആശുപത്രിയില്‍ പോകേണ്ട സന്ദർഭങ്ങൾ ഒഴികെ സൗഹൃദ രീതിയിലുള്ള ഒത്ത് തീർപ്പിന് കഴിയുന്നില്ലെങ്കിൽ പൊലീസ് എത്തി നടപടി സ്വീകരിക്കുന്നതുവരെ സ്ഥലത്ത് തുടരുകയും ചെയ്യണം. അപകടത്തിന് ശേഷം ആദ്യം ചോദിക്കേണ്ടുന്ന വാചകം ആർ യു ഓക്കെ, എന്നാവണമെന്നും മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു.
English Summary: Warning from Department of Motor Vehicles
You may also like this video