ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം അടുത്തിടെ പുറത്തിറക്കിയ ലാൻഡ് സ്‌ളൈഡ് അറ്റ്ലസ് അനുസരിച്ച് കേരളത്തിലെ 10 ജില്ലകൾ അതീവ ദുരന്ത സാധ്യതയുള്ള ഉരുൾപൊട്ടൽ മേഖലകൾ. അടുത്തിടെ മണ്ണിടിച്ചിലിൽ നിരവധി ജീവനുകൾ നഷ്ടമായ ഉത്തരാഖണ്ഡിൽ ആറ് ജില്ലകളാണ് ഹോട്ട് സ്‌പോട്ടുകളെങ്കിൽ കേരളത്തിലെ 14 ജില്ലകളും ദുരന്ത ഭീഷണി നേരിടുന്നുണ്ടെന്നും അറ്റ്ലസ് മുന്നറിയിപ്പ് നൽകുന്നു. ഭയാനകമായ സ്ഥിതിവിശേഷമാണ് ഉത്തരാഖണ്ഡിലും കേരളത്തിലും നിലവിലുള്ളതെന്നും ഐഎസ്ആർഒ റിപ്പോർട്ടിലുണ്ട്.
രാജ്യത്ത് 30 ഹോട്ട്സ്‌പോട്ടുകളാണുള്ളത്. കേരളത്തിലെ 10 ജില്ലകളിൽ തൃശൂരാണ് മുന്നിൽ. അറ്റ്ലസിൽ മൂന്നാം സ്ഥാനമാണ് തൃശൂരിന്. പാലക്കാട് (5), മലപ്പുറം (7), കോഴിക്കോട് (10), വയനാട് (13), എറണാകുളം (15), ഇടുക്കി (18), കോട്ടയം (24), കണ്ണൂർ (26), തിരുവനന്തപുരം (28) എന്നിവയാണ് മറ്റ് ജില്ലകൾ. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഉത്തരാഖണ്ഡിലെ തന്നെ തേഹ്രി ഗർവാളാണ് രണ്ടാമതായി ഇടം പിടിച്ചിട്ടുള്ളത്. അടുത്തിടെ ദുരന്തമുണ്ടായ ഉത്തരകാശി 21-ാം സ്ഥാനത്താണ്. ചമോലി (19), ഗർവാൾ (23), ഉത്തരാഖണ്ഡ് (29) എന്നിവയാണ് പട്ടികയിലുള്ള ഉത്തരാഖണ്ഡിലെ ജില്ലകൾ.
ജമ്മു കശ്മീരിലെ അഞ്ച് ജില്ലകൾ ദുരന്തസാധ്യതാ പട്ടികയിലുണ്ട്. രജൗറി (4), പൂഞ്ച് (6), ജമ്മു (14), ഉധംപൂർ (17), പുൽവാമ (27) എന്നിവയാണിവ. സിക്കിം, ഹിമാചൽ എന്നിവിടങ്ങളിൽ മൂന്ന് ജില്ലകൾ വീതം ഹോട്ട്സ്‌പോട്ടിൽ സ്ഥാനം പിടിച്ചു. സിക്കിം സൗത്ത് (8), ഈസ്റ്റ് സിക്കിം (9), സിക്കിം വെസ്റ്റ് (20) എന്നിവയും ഹിമാചലിലെ മാൽഡി (16), ഹമിർപൂർ (25), ബിലാസ്‌പൂർ (30) എന്നിവയാണവ. മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് (11), അസമിലെ കച്ചാർ (22), കർണാടകയിലെ കുടക് (12) എന്നിവയും പട്ടികയിലുണ്ട്. ഹൈദരാബാദിലെ ഐഎസ്ആർഒയുടെ റിമോട്ട് സെൻസിങ് സെന്ററാണ് ഹോട്ട് സ്പോട്ടുകൾ അടങ്ങുന്ന അറ്റ്ലസ് പുറത്തിറക്കിയത്. ഹിമാലയത്തോട് തൊട്ടടുത്തുളള പ്രദേശങ്ങളിലും പശ്ചിമഘട്ടത്തിലുമാണ് ദുരന്തസാധ്യത കൂടുതലുള്ളത്. കാലവർഷത്തെ തുടർന്നുള്ള ഉരുൾപൊട്ടൽ, പ്രകൃതിദത്ത കാരണങ്ങളാലുള്ളവ, മനുഷ്യ നിർമ്മിതങ്ങൾ എന്നിങ്ങനെ മൂന്നു തരത്തിലുള്ളവയെ അടിസ്ഥാനപ്പെടുത്തിയാണ് ഡാറ്റാബേസ് തയ്യാറാക്കിയത്. ഹൈ-റെസല്യൂഷൻ കാമറകളും ഉപഗ്രഹ ദൃശ്യങ്ങളും ഉപയോഗിച്ചായിരുന്നു പഠനം
ഉരുൾപൊട്ടൽ ദുരന്തം വരുത്തിവയ്ക്കുന്ന ലോകത്തെ അഞ്ച് മേഖലകളിൽ ഇന്ത്യയും ഉൾപ്പെടുന്നു. ഇന്ത്യയിൽ മണ്ണിടിച്ചിലിന് മുഖ്യ കാരണം അപ്രതീക്ഷിതമായുണ്ടാകുന്ന കനത്ത മഴയാണ്. ഹിമാലയ മേഖലയിൽ മഞ്ഞുമലകൾ ഉരുകുന്നതു മൂലമുളള ആഘാതം നിമിത്തവും ഉരുൾപൊട്ടൽ ആവർത്തിക്കുന്നു. 2022 ൽ 835 പേർക്കാണ് ഉരുൾ പൊട്ടലിൽ ജീവൻ നഷ്ടമായത്.
ഭൗമാന്തർഭാഗത്തെ പാളികളിലുണ്ടാകുന്ന സ്ഥാനഭ്രംശം, ഭൂചലനം, വെള്ളപ്പൊക്കം, പാറകൾ ഇടിഞ്ഞു നീങ്ങുന്നത് തുടങ്ങിയവയാണ് മണ്ണിടിച്ചിലിന് കാരണമാകുക. വൻ തോതില്‍ മേൽമണ്ണ് നീക്കം ചെയ്യൽ, കുന്നിടിച്ച് നിരപ്പാക്കൽ, വനനശീകരണം, നിർമ്മാണ പ്രവർത്തനങ്ങളുടെ ആധിക്യം, കന്നുകാലികളുടെ അനിയന്ത്രിതമായ മേച്ചിൽ എന്നിവയാണ് ഉരുൾപൊട്ടലിന്റെ മനുഷ്യ നിർമ്മിതമായ കാരണങ്ങൾ. 1998 മുതൽ 2022 വരെയുള്ള ഡാറ്റാബേസ് വിശകലനം ചെയ്താണ് ഹോട്ട്സ്‌പോട്ടുകൾ തയ്യാറാക്കിയിട്ടുള്ളത്. 1998 ന് ശേഷം ഉത്തരാഖണ്ഡിൽ 11219 മണ്ണിടിച്ചിൽ ദുരന്തങ്ങളാണുണ്ടായത്. കേരളത്തിൽ ഉരുൾപൊട്ടൽ സാധാരണമായത് 2018 ലെ പ്രളയത്തിനു ശേഷവും.
English Summary;Warning that 10 districts of Kerala are prone to landslides
You may also like this video