ശശി തരൂർ എംപിക്കെതിരെ പൊതുവേദിയില്‍ വിമര്‍ശനവുമായി കോൺഗ്രസ് നേതാക്കള്‍. കെ കരുണാകരന്‍ ഫൗണ്ടേഷന്റെ കെ കരുണാകരൻ സെന്ററിന്റെ നിർമ്മാണോദ്ഘാടന വേദിയിലായിരുന്നു നേതാക്കൾ തരൂരിന്റെ പേരെടുത്ത് പറയാതെ വിമര്‍ശനമുന്നയിച്ചത്. അതേസമയം പ്രതിഷേധം ശക്തമാകുമ്പോഴും സമുദായനേതാക്കളെ നേരിൽ കാണുന്നത് തരൂർ തുടര്‍ന്നു. ഇന്നലെ കോഴിക്കോട്ടെത്തിയ തരൂർ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായും മുജാഹിദ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എംപി, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ എന്നിവരാണ് തരൂരിനെ വിമര്‍ശിച്ചത്. എന്ത് പറയാനുണ്ടെങ്കിലും പാർട്ടിയിലാണ് പറയേണ്ടതെന്നും കോൺഗ്രസുകാർ പരസ്പരം പറയുന്നത് ചർച്ചയാക്കാൻ ഇടവരുത്തരുതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. എന്തൊക്കെ പുറത്ത് പറയണം പറയേണ്ട എന്ന് നേതാക്കൾ തന്നെ ചിന്തിക്കണം. ഇക്കാര്യം താരിഖ് അന്‍വര്‍ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. അത് കോണ്‍ഗ്രസ് അധ്യക്ഷനോട് ആലോചിച്ച് നടത്തിയ പ്രസ്താവനയാണ്. താരിഖ് അന്‍വര്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മാത്രമല്ല, അച്ചടക്ക സമിതി അംഗം കൂടിയാണെന്നും വേണുഗോപാല്‍ പറഞ്ഞു.
പിന്നാലെയാണ് മുഖ്യമന്ത്രി കുപ്പായത്തിന്റെ കാര്യം രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയത്. നാല് വര്‍ഷം കഴിഞ്ഞ് ഞാന്‍ ഇന്നതാകുമെന്ന് ഇപ്പോള്‍ ആരും പറയേണ്ടതില്ലെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലും ഇന്ത്യയിലും എന്താകും സ്ഥിതിയെന്ന് ആര്‍ക്കും പറയാനാകില്ല. അതുകൊണ്ട് ആരെങ്കിലും കോട്ട് തയ്പിച്ച് വെച്ചിട്ടുണ്ടെങ്കില്‍ അത് ഊരിവെച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ജയിച്ചില്ലങ്കില്‍ പിന്നെ ഒന്നും ചിന്തിക്കേണ്ടി വരില്ലെന്ന് കെ മുരളീധരന്‍ പ്രതികരിച്ചപ്പോള്‍ ആഗ്രഹങ്ങള്‍ തുറന്നുപറഞ്ഞ് നടക്കരുതെന്നായിരുന്നു യുഡിഎഫ് കൺവീനർ എം എം ഹസന്റെ ഉപദേശം.
അതേസമയം കോഴിക്കോട് സമസ്ത ആസ്ഥാനത്ത് ജിഫ്രി തങ്ങളുമായുള്ള തരൂരിന്റെ കൂടിക്കാഴ്ച മുപ്പത് മിനിറ്റോളം നീണ്ടുനിന്നു. തരൂർ വിശ്വപൗരനാണെന്നും മറ്റ് നേതാക്കൾ ചെയ്യാത്തത് തരൂർ ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. എം കെ രാഘവൻ എംപിയും തരൂരിനൊപ്പമുണ്ടായിരുന്നു.
മുജാഹിദ് സെന്റർ സന്ദർശിച്ച തരൂർ കെഎൻഎം നേതാക്കളായ ടി പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, എം മുഹമ്മദ് മദനി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വിസ്ഡം ഇസ്ലാമിക് മിഷൻ ഭാരവാഹികളുമായും കൂടിക്കാഴ്ച നടന്നു. അകലം വർധിക്കുന്നത് നോക്കിനിൽക്കാൻ കഴിയാത്തതുകൊണ്ടാണ് സമുദായ നേതാക്കളെ കാണുന്നതെന്ന് തരൂർ പ്രതികരിച്ചു.
English Summary: Warning to Tharoor
You may also like this video