Site iconSite icon Janayugom Online

താരിഫ് പോരിനിടെ ചൈനീസ് കാർ കമ്പനിയുടെ ഓഹരികൾ വിറ്റ് വാറൻ ബഫറ്റ്

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് പോര് മുറുകുന്നതിനിടെ, ചൈനീസ് കാർ കമ്പനിയുടെ ഓഹരികൾ പൂർണമായും വിറ്റഴിച്ച് പ്രശസ്ത വിക്ഷേപകൻ വാറൻ ബഫറ്റ്. 17 വർഷത്തെ നിക്ഷേപത്തിനൊടുവിലാണ് ചൈനീസ് ഇലക്ട്രിക് കാർ നിർമാതാക്കളായ ബി.വൈ.ഡിയുടെ ഓഹരികൾ മുഴുവൻ വിറ്റത്. 20 മടങ്ങി​ലേറെ നേട്ടം കീശയിലാക്കിയാണ് ബഫറ്റ് ബി.വൈ.ഡി വിടുന്നത്.

ബഫറ്റിന്റെ നിക്ഷേപക കമ്പനിയായ ബെർക്ക്‌ഷെയർ ഹാത്ത്‌വേ 2008ലാണ് ബി.വൈ.ഡിയിൽ ആദ്യമായി നിക്ഷേപിച്ചത്. 230 ദശലക്ഷം ഡോളറിന് 225 ദശലക്ഷം ഓഹരികൾ വാങ്ങിയിരുന്നു. അതായത് 10 ശതമാനം ഓഹരി. ബഫറ്റിന്റെ സുഹൃത്തും ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ സഹസ്ഥാപകനുമായ ചാർലി മുങ്ങറാണ് ബി.വൈ.ഡിയിൽ നിക്ഷേപിക്കാനുള്ള പദ്ധതി മുന്നോട്ടുവെച്ചത്. ദീർഘകാലത്തെ നിക്ഷേപം ശരിയായിരുന്നെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ബി.വൈ.ഡി ഓഹരി വിലയിൽ 3,890 ശതമാനത്തിന്റെ കുതിപ്പാണുണ്ടായത്. ഇതേതുടർന്ന് 2022 മുതൽ ഓഹരി വിൽപന നടത്താൻ തുടങ്ങിയ ബെർക്ക്‌ഷെയർ കഴിഞ്ഞ വർഷം ജൂണോടെ 76 ശതമാനത്തോളം ഓഹരികളും വിറ്റഴിച്ചിരുന്നു. ബി.വൈ.ഡിയുടെ ഓഹരികൾ ഒന്നും സ്വന്തമായില്ലെന്നാണ് ഈ വർഷം മാർച്ചിൽ പുറത്തിറക്കിയ ബെർക്ക്‌ഷെയറിന്റെ പാദവാർഷിക റിപ്പോർട്ട് പറയുന്നത്. ഓഹരികൾ വിറ്റൊ​ഴിവാക്കാനുള്ള കാരണം ബഫറ്റ് വിശദീകരിച്ചില്ലെങ്കിലും അസാമാന്യ മനുഷ്യൻ നയിക്കുന്ന അസാധാരണ കമ്പനിയെന്നാണ് ബി.വൈ.ഡിയെ ഒരിക്കൽ അദ്ദേഹം വിശേഷിപ്പിച്ചത്.

Exit mobile version