Site icon Janayugom Online

ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയുന്നു

ചെറുതോണി അണക്കെട്ടിന്റെ മൂന്നുഷട്ടറുകൾ 35 സെന്റീമീറ്റർ വീതം ഉയർത്തി ജലം ഒഴുക്കി വിടുന്നത് തുടരുന്നു. മിനിറ്റിൽ 60 ലക്ഷം ലിറ്റർ വെള്ളമാണ് ഇപ്പോൾ അണക്കെട്ടിൽ നിന്നും ഒഴുക്കി വിടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് ചെറിയ തോതില്‍ കുറയുന്നുണ്ട്. ഇന്നലെ വൈകിട്ട് ആറ് മണിക്കുള്ള കണക്ക് അനുസരിച്ച് 2398.02 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് 2395 അടിയിൽ ക്രമീകരിക്കുന്നതുവരെ ഷട്ടറുകൾ തുറന്നിടാനാണ് വൈദ്യുതി ബോർഡിന്റെ തീരുമാനം.ഇന്നലെ അതിതീവ്ര മഴ ജില്ലയിൽ ഉണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും വൈകിട്ട് ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴ മാത്രമാണ് പെയ്തത്. മഴ പെയ്തില്ലെങ്കിലും അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്കിൽ കുറവ് വന്നിട്ടില്ലെന്ന് വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു. 

അതിതീവ്രമഴ മുന്നിൽ കണ്ട് റവന്യു വകുപ്പും ജില്ലാഭരണകൂടവും എല്ലാവിധ മുൻകരുതലുകളും എടുത്തിരുന്നു. ചെറുതോണി പുഴയിലും പെരിയാറിന്റെ ഇരുവശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ വിവിധ വകുപ്പുകൾ യഥാസമയം വിലയിരുത്തുന്നുണ്ട്. ഇടമലയാർ അണക്കെട്ടിലെ രണ്ട്ഷട്ടറുകൾ 80 സെന്റീമീറ്റർ വീതം ഇപ്പോഴും ഉയർത്തിയിരിക്കുകയാണ്. 

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാകുവാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിച്ചിരിക്കുകയാണ്. ടൂറിസം കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പകൽ മഴ പെയ്യാത്തത് ജനങ്ങളുടെ ആശങ്ക അകറ്റിയിട്ടുണ്ടെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ഇതിനിടെ മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറിന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 134.35 അടിയാണ്.
eng­lish summary;Water lev­el in Iduk­ki Dam is declining
you may also like this video;

Exit mobile version