മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ വർധന രേഖപ്പെടുത്തി. ഇന്ന് രാവിലെ ജലനിരപ്പ് 134.90 അടിയായി ഉയർന്നു. മഴ ശക്തമായി തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് അധികൃതര്‍ പറഞ്ഞത്.
ജലനിരപ്പ് അപ്പർ റൂൾ ലെവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറന്നേക്കും. അതിനാൽ പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്.
നിലവിൽ 1844 ഘനയടി വെള്ളമാണ് തമിഴ്‌നാട് മുല്ലപ്പെരിയാറിൽ നിന്ന് കൊണ്ടു പോകുന്നത്. എന്നാൽ സെക്കന്റിൽ 7000 ഘനയടിയിലധികം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും ജില്ലാ കളക്ടർ അറിയിച്ചു.
English summary;Water level in Mullaperiyar rises; Residents on the Periyar coast are cautioned
You may also like this video;