Site icon Janayugom Online

അണക്കെട്ടുകളില്‍ ജലനിരപ്പ് കുറഞ്ഞു; കൃഷിയും കുടിവെള്ളവും പ്രതിസന്ധിയില്‍

സ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് ആശങ്കയെന്ന് സൂചന നൽകി വാട്ടർ അതോറിട്ടിയും ദുരന്ത നിവാരണ സേനയും. വെള്ളത്തിന്റെ അളവ് കണക്കാക്കിയാല്‍ ഇക്കുറി ജലനിരപ്പില്‍ വന്‍കുറവാണുള്ളത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് 202 മില്യൺ ക്യുബിക് മീറ്റർ ജലം ഉണ്ടായിരുന്ന മലമ്പുഴയില്‍ ഇന്നലെ 68.47 മില്യൺ ക്യുബിക് മീറ്റർ വെള്ളം മാത്രമാണ് ശേഷിക്കുന്നത്. വെള്ളത്തിന്റെ സംഭരണ ശേഷി കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മൂന്നിലൊന്നായി ചുരുങ്ങിയെന്നു സാരം.


ഇതുകൂടി വായിക്കാം: കുട്ടനാട് കൊടും വരൾച്ചയുടെ പിടിയിൽ


ഇറിഗേഷൻ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ 2022 സെപ്റ്റംബർ ഒന്നിന് ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ സ്പിൽവേഷട്ടറുകൾ മൂന്നും 114.10 മീറ്റര്‍ ഉയർത്തിയിരുന്ന സ്ഥാനത്ത് ഇന്നലെ 106.18 മീറ്റർ ജലനിരപ്പാണ് രേഖപ്പെടുത്തിയത്. അതായത് 7.92 മീറ്ററിന്റെ കുറവ്. ജലനിരപ്പ് ക്രമാതീതമായി കുറയുന്നതിനാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും കൃഷിക്ക് ഇത്തവണ ജലം ലഭിക്കണമെങ്കില്‍ മഴ കനിയുക തന്നെ വേണം. 2022–23ൽ മലമ്പുഴ ജലസേചന പദ്ധതി വഴി കൃഷിക്ക് 116 ദിവസം ജലം നല്‍കിയിരുന്നെങ്കില്‍ ഇത്തവണ രണ്ടാംവിള നെല്‍കൃഷിയ്ക്കുള്ള ജലസേചനം മഴയെ ആശ്രയിച്ചു മാത്രമായിരിക്കുമെന്നാണ് മലമ്പുഴ വാട്ടര്‍ അതോറിട്ടി എക്സിക്യൂട്ടീവ് എ­ൻജിനീയര്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഇ‑പ്പോള്‍ ഒന്നാംവിള നെല്‍കൃഷിക്ക് നല്‍കുന്ന ജലം നാളെ രാവിലെ വരെ മാത്രമെ ഉണ്ടായിരിക്കുകയുള്ളു.


ഇതുകൂടി വായിക്കാം: ഇനി പ്രതീക്ഷ തുലാവർഷം മാത്രം; സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക്


പത്തനംതിട്ടയിലെ മണിയാര്‍ ഡാമിലും 34.50 മീ, തിരുവനന്തപുരത്തെ നെ-യ്യാർ ഡാമിലും 81.56 മീ. മാത്രമാണ് മാക്സിമം വാട്ടര്‍ ലെവലിനോട് അടുത്ത് സംഭരണ ശേ­ഷിയുള്ളത്. സംസ്ഥാനത്ത് കാര്‍ഷിക മേഖല ആശ്രയിക്കുന്ന ഡാമുകളിലെ ജലനിരപ്പു ക്രമാതീയമായി കുറയുകയാണ്. ഇന്നലത്തെ ജലനിരപ്പ്, കഴിഞ്ഞ വർഷത്തെ കുറവ് ജലനിരപ്പ് ബ്രായ്ക്കറ്റിലും രേഖപ്പെടുത്തിയിരിക്കുന്നു. വാളയാർ : 195.01 മീറ്റർ (-8.46), മീങ്കര 50.6 (-10.75), കാഞ്ഞിരപ്പുഴ 94.90 (3.5), ശിരുവാണി 869.53 മീ (-9), പോത്തുണ്ടി 97.36മീ. (-10), ചുള്ളിയാർ 141.73 മീ. (-11), മംഗലം 75.73 മീ. (-2), മൂലത്തറ 180.40മീ. (-4) എന്നിങ്ങനെയാണ് നിലവിലുള്ള ജലത്തിന്റെ അളവ്. ഇതേ അവസ്ഥ തന്നെയാണ് കോഴിക്കാേട് കുറ്റ്യാടി : 37.65 മീ (-6), വയനാട് കാരാപ്പുഴ : 757.05 മീ. (-6), കണ്ണൂർ പഴശ്ശി : 24.79 മീ.(-2), തൃശൂരിലെ പീച്ചി : 70.42 മീ (-8), ചിമ്മണി : 58.93 മീ. (-12), വാഴാനി : 52.03 (-9), എറണാകുളത്തെ ഭൂതത്താൻകെട്ട് : 31.20 മീ. (-3), ഇടുക്കിയിലെ മലങ്കര 41.18 മീ. (0. 8), കൊല്ലത്തെ കല്ലട : 100. 96 മീ. (-12) എന്നിങ്ങനെയാണ്.

ഇന്നു മുതല്‍ പത്തുദിവസം മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിലാണ് സംസ്ഥാനത്തെ കര്‍ഷകരും സാധാരണക്കാരും വിശ്വാസമര്‍പ്പിക്കുന്നത്. മഴ ശക്തമായാല്‍ കൃഷിയും കുടിവെള്ളവും വൈദ്യുതിയും ആവശ്യത്തിനുണ്ടാകും.

Eng­lish Sam­mury: water lev­el in the dams has decreased

Exit mobile version