Site iconSite icon Janayugom Online

കുതിപ്പേകാന്‍ ജലമെട്രോ; ഒരു വാഗ്ദാനം കൂടി നിറവേറ്റി: മുഖ്യമന്ത്രി

kochi water metrokochi water metro

സര്‍വീസിന് സജ്ജമായി ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യഘട്ടം 25ന് പ്രവര്‍ത്തനം തുടങ്ങും. രാവിലെ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി റിമോട്ടിലെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍, ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് ആദ്യ ബോട്ട് വൈപ്പിനിലേക്ക് തിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, കൊച്ചി മെട്രോ റെയില്‍ എംഡി ലോക്‌നാഥ് ബെഹ്റ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ആദ്യ ദിനം പൊതുജനങ്ങള്‍ക്കായി സര്‍വീസുണ്ടാവില്ല. രാവിലെയും വൈകിട്ടും 15 മിനിറ്റ് ഇടവിട്ട് ബോട്ടുകള്‍ ഓടും. മറ്റു സമയങ്ങളില്‍ 20–30 മിനിറ്റ് ഇടവിട്ട് സര്‍വീസുണ്ടാകും. പിന്നാലെ വൈറ്റില‑കാക്കനാട് റൂട്ടിലും സര്‍വീസ് ആരംഭിക്കും. ആധുനിക സംവിധാനങ്ങളും ലോകോത്തര ടെര്‍മിനലുകളുമായി ശബ്ദരഹിത എസി വൈദ്യുത ബോട്ടുകള്‍ ഉള്‍പ്പെടുന്ന ജലഗതാഗത സംവിധാനം രാജ്യത്ത് ആദ്യത്തേതാണ്. 24ന് തേവര സേക്രഡ് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന യുവം പരിപാടി ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നുണ്ടെങ്കിലും, ഇവിടെ പാര്‍ട്ടി പരിപാടികള്‍ മാത്രമായതിനാലാണ് വാട്ടര്‍ മെട്രോ ഉദ്ഘാടനം തിരുവനന്തപുരത്തേക്ക് മാറ്റിയത്.

കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പേകുന്ന നാടിന്റെ അഭിമാന പദ്ധതിക്ക് 1136.83 കോടി രൂപയാണ് ചെലവു വരുന്നത്. ഈ തുകയിൽ ജർമ്മൻ ഫണ്ടിങ് ഏജൻസിയായ കെഎഫ്ഡബ്ല്യുവിൽ നിന്നുള്ള വായ്പയും സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉൾപ്പെടുന്നു.
എട്ട് അലുമിനിയം കട്ടാമരന്‍ ബോട്ടുകള്‍ സര്‍വീസിന് തയ്യാറാണ്. 23 വലിയ ബോട്ടുകളും 55 ചെറിയ ബോട്ടുകളും 38 ടെര്‍മിനലുകളുമാണ് പദ്ധതിയിലുള്ളത്. ചെറിയ ബോട്ടുകളുടെ നിര്‍മ്മാണം തുടങ്ങിയിട്ടില്ല. 76 കിലോമീറ്റര്‍ നീളുന്ന 15 റൂട്ടുകളിലാണ് സര്‍വീസ്. വൈറ്റില, കാക്കനാട്, ഹൈക്കോര്‍ട്ട്, വൈപ്പിന്‍, ബോള്‍ഗാട്ടി, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനല്ലൂര്‍ ടെര്‍മിനലുകള്‍ തയ്യാറായി. 

10 ദ്വീപുകളിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരവും ടൂറിസം രംഗത്ത് ഊര്‍ജവും നല്‍കുന്നതാണ് വാട്ടര്‍ മെട്രോ. ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. വൈറ്റിലയിൽ നിന്ന് വാട്ടർ മെട്രോയിലൂടെ കാക്കനാട് 25 മിനിറ്റിനകം എത്താനാകും.
സർവീസിനായി ഉപയോഗിക്കുന്ന ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾ ഇതിനകം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്സ് അവാർഡും കൊച്ചി വാട്ടർ മെട്രോ നേടിയിരുന്നു.
ഭിന്നശേഷി സൗഹൃദമായാണ് ടെർമിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനുതകുന്ന ഫ്ലോട്ടിങ് പോണ്ടൂണുകളും കൊച്ചി വാട്ടർ മെട്രോയുടെ പ്രത്യേകതയാണ്. 

ഒരു വാഗ്ദാനം കൂടി നിറവേറ്റി: മുഖ്യമന്ത്രി 

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർ മെട്രോ ആദ്യഘട്ട സർവീസ് ആരംഭിക്കുമ്പോൾ ജനങ്ങൾക്ക് എൽഡിഎഫ് സർക്കാർ നൽകിയ ഉറപ്പുകളിൽ മറ്റൊന്നു കൂടി യാഥാർത്ഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാട്ടർ മെട്രോ വിജയപൂർവം പ്രവർത്തിക്കുന്നതിനായി ഏവരുടെയും സഹകരണവും പിന്തുണയും ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കുറഞ്ഞ യാത്രാ നിരക്ക് 20 രൂപ

വാട്ടര്‍ മെട്രോ യാത്രാനിരക്കുകള്‍ കെഎംആര്‍എല്‍ പ്രഖ്യാപിച്ചു. കുറഞ്ഞ യാത്ര നിരക്ക് 20 രൂപയാണ്. പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപയും. സ്ഥിരം യാത്രികർക്കായി പ്രതിവാര, പ്രതിമാസ പാസുകളും ഉണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വൺ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാം. ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ പ്രതിവാര പാസുകളില്‍ ഇളവും പ്രഖാപിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Water Metro: One more promise ful­filled: Chief Minister

You may also like this video

Exit mobile version