Site iconSite icon Janayugom Online

ജല പ്രതിസന്ധിയില്‍ ഡല്‍ഹി; യമുന നദി വറ്റിവരണ്ടതോടെ ജലക്ഷാമം അതിരൂക്ഷം

ഉഷ്ണതരംഗത്തില്‍ യമുനാനദി വറ്റിവരണ്ടതോടെ ഡല്‍ഹിയില്‍ ജലക്ഷാമം രൂക്ഷം. കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്നു. വെള്ളം ശേഖരിച്ച്‌ വെയ്‌ക്കുന്ന പാത്രങ്ങള്‍ ചങ്ങലയിട്ട് സൂക്ഷിക്കുന്നതിന്റെയടക്കം ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം തങ്ങള്‍ക്ക് നിയമാനുസൃതമായി ലഭിക്കേണ്ട ജലവിഹിതം വിട്ടുനല്‍കണമെന്ന ഡല്‍ഹിയുടെ ആവശ്യത്തോട് ഹരിയാന മുഖംതിരിക്കുകയാണ്.

യമുന നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെയാണ് രാജ്യതലസ്ഥാനത്ത് ജലവിതരണത്തിന് ക്ഷാമം നേരിട്ടത്. ഈ വര്‍ഷം ഉണ്ടായ റെക്കോഡ് ഉഷ്ണതരംഗങ്ങള്‍ വരള്‍ച്ചയ്ക്ക് ആക്കം കൂട്ടി. സീസണില്‍ അഞ്ചുതവണയാണ് ഡല്‍ഹി ഉഷ്ണതരംഗത്തിന് സാക്ഷ്യം വഹിച്ചത്.

എഎപി സര്‍ക്കാരിന്റെ ഭരണനേട്ടമായി കൊട്ടിഘോഷിക്കപ്പെടുന്ന കുടിവെള്ള വിതരണത്തിന്റെ ദൗര്‍ബല്യമാണ് ജലപ്രതിസന്ധി തുറന്നുകാട്ടുന്നത്. മുന്‍ വര്‍ഷങ്ങളിലും ഡല്‍ഹി ജലക്ഷാമത്തിന് സാക്ഷ്യം വഹിച്ചിരുന്നു. എന്നാല്‍ പ്രശ്നപരിഹാരത്തിനായി ഒരു ദീര്‍ഘകാല പദ്ധതി തയ്യാറാക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.

നഗരത്തിന്റെ പലഭാഗത്തും ജലവിതരണം തടസപ്പെടുമെന്ന് ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ ഭീമമായ തുക നല്‍കി വെള്ളം വാങ്ങേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

വസീറാബാദ് സംഭരണിയിലെ ജലവിതാനം ഇപ്പോൾ 668.3 അടിയായി കുറഞ്ഞിട്ടുണ്ട്. ഇത് ഈ വർഷത്തെ ഏറ്റവും താഴ്ന്നതാണ്. സാധാരണയായി 674.5 അടിയാണ് കുളത്തിലെ ജലനിരപ്പ്. യമുന നദി ഏറെക്കുറെ വറ്റിവരണ്ടതിനാൽ കാരിയർ ലൈൻഡ് കനാൽ, ഡൽഹി സബ് ബ്രാഞ്ച് എന്നിവിടങ്ങളിൽ നിന്ന് വസീറാബാദിലേക്ക് വെള്ളം തിരിച്ചുവിടുകയാണ് ചെയ്യുന്നതെന്നും അധികൃതര്‍ പറഞ്ഞു. വസീറാബാദ് കുളത്തിലെ ജലനിരപ്പ് കുറഞ്ഞതോടെ ജലവിതരണത്തിൽ 65 ദശലക്ഷം ഗാലന്‍ വെള്ളത്തിന്റെ കുറവ് വന്നിട്ടുണ്ട്.

ഡൽഹിക്ക് ഏകദേശം 1,200 ദശലക്ഷം ഗാലന്‍ വെള്ളം ആവശ്യമാണ്, അതേസമയം 950 ദശലക്ഷം ഗാലന്‍ ആണ് നിലവില്‍ വിതരണം ചെയ്യുന്നത്. രണ്ട് കനാലുകളിലൂടെ ഹരിയാന ഡൽഹിയിലേക്ക് പ്രതിദിനം 610 ദശലക്ഷം ഗാലൻ വെള്ളം വിതരണം ചെയ്യുന്നുണ്ട്. ഹരിയാനയിൽ നിന്നുള്ള ഡൽഹിയുടെ നിയമാനുസൃത ജലവിഹിതം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കും.

യമുനയിൽ 150 ക്യുസെക്‌സ് അധിക ജലം അടിയന്തരമായി തുറന്നുവിടണമെന്ന് ആവശ്യപ്പെട്ട് ഹരിയാന ജലസേചന വകുപ്പിന് നേരത്തെ ഡല്‍ഹി കത്തെഴുതിയിരുന്നു. മൂന്നാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് ഡല്‍ഹി ഹരിയാനയ്ക്ക് അധികജലം തേടി കത്തെഴുതുന്നത്. അതേസമയം ജലം പങ്കിടൽ വിഷയത്തിൽ രാഷ്ട്രീയം കളിക്കരുതെന്നായിരുന്നു ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ മറുപടി.

Eng­lish summary;water scarci­ty in delhi

You may also like this video;

Exit mobile version