Site iconSite icon Janayugom Online

കനത്ത വേനൽമഴയിൽ മടവീണു: കൊയ്ത്തിന് പാകമായ വേങ്ങൽ പാടശേഖരത്തിൽ വെള്ളം കയറി

കനത്ത വേനൽ മഴയെ തുടർന്ന് മട വീണ് കൊയ്ത്തിന് പാകമായ 150 ഏക്കർ വരുന്ന വേങ്ങൽ ഇരുകര പാടശേഖരത്തിൽ വെള്ളം കയറി. അടുത്ത ആഴ്ച കൊയ്ത്ത് നടത്തേണ്ട പാടശേഖരത്തിൽ ഇന്നലെ പുലർച്ചെയോടെയാണ് മട വീണതിനെ തുടർന്ന് വെളളം കയറിയത്. ഇടിഞ്ഞില്ലം കണ്ണാട്ടുമട ബണ്ടിന്റെ മധ്യഭാഗത്തായാണ് മട വീണത്.

മട വീണതിനെ തുടർന്ന് പാടത്ത് മൂന്നടിയോളം വെള്ളം കയറിയിക്കിടക്കുകയാണ്. മട വീണ ഭാഗം പുനർ നിർമ്മിക്കുന്ന ജോലികൾ ഇന്നലെ രാവിലെ മുതൽ ആരംഭിച്ചു. ശക്തിയേറിയ മോട്ടാർ ഉപയോഗിച്ച് പാടശേഖരത്തിൽ കെട്ടി നിൽക്കുന്ന വെള്ളം പമ്പ് ചെയ്ത് നീക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലൂയിസ് മാത്യു രാവിലെ പത്ത് മണിയോടെ പാടത്ത് സന്ദർശനം നടത്തി.

പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, വൈസ് പ്രസിഡന്റ് ശാന്തമ്മ ആർ നായർ, ബ്ലോക്ക് പഞ്ചായത്തംഗം സോമൻ താമരച്ചാൽ, പാടശേഖര സമിതി ഭാരവാഹികളായ രാജു തൈയ്യിൽ, തങ്കച്ചൻ കോയിക്കളം തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. പാടത്ത് കെട്ടി നിൽക്കുന്ന വെള്ളം അടിയന്തിരമായി നീക്കം ചെയ്യാനായില്ലെങ്കിൽ കൃഷി പൂർണമായും നശിക്കുന്ന സഹചര്യമാണ് നിലനിൽക്കുന്നതെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.

Eng­lish summary;Water seeped into the pad­dy field, which was ripe for harvest

You may also like this video;

Exit mobile version