Site iconSite icon Janayugom Online

ഭൂമിയോളമുള്ള കാത്തിരിപ്പിന് വിരാമം ;സുനിത വില്യംസും സംഘവും മണ്ണിലിറങ്ങി

ഒന്‍പതു മാസത്തിലേറെ നീണ്ട ബഹിരാകാശ ജീവിതത്തിന് അവസാനം കുറിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. ക്രൂ- 9 ലാൻഡിം​ഗിന് ശേഷം സുനിതാ വില്യംസും സംഘവും ഡ്രാ​ഗൺ പേടകത്തിനു പുറത്തിറങ്ങി. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. നിക്ക് ഹേഗ് ആണ് യാത്രക്കാരിൽ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി. യാത്രികരെ നിലവിൽ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റുകയാണ്. 

ഒമ്പതുമാസത്തിലേറെയായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇരുവരും. നിലയത്തിൽനിന്ന്‌ 17 മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ഇന്ത്യൻ സമയം ബുധൻ പുലർച്ചെ 3.27 നാണ്‌ പേടകം കടൽതൊട്ടത്‌. പേടകം വീണ്ടെടുത്ത്‌ സുനിതയെയും സംഘത്തെയും കരയിലെത്തിച്ചു. നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിലെത്തിച്ച്‌ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയമാക്കി. ദീർഘകാലം ബഹിരാകാശത്ത്‌ കഴിഞ്ഞതിനാൽ ആരോഗ്യപ്രശ്‌നങ്ങൾക്ക്‌ സാധ്യതയുള്ളതിനാൽ ഇവർ നിരീക്ഷണത്തിലായിരിക്കും.

Exit mobile version