വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ പിന്തുണയേകി മുഖ്യമന്ത്രി വിളിച്ച സര്‍വക്ഷിയോഗം. എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു. പുനരധിവാസത്തിന്റെ ഭാഗമായി 1000 സ്ക്വയര്‍ഫീറ്റില്‍ ഒറ്റനില വീടാണ് നിര്‍മ്മിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഭാവിയില്‍ രണ്ടാം നിലകൂടി കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ. ഒരേ രീതിയിലാകും വീടുകളെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലങ്ങാടിലെ ദുരന്തബാധിതര്‍ക്കും പുനരധിവാസം ഉറപ്പാക്കും. ഇവിടെ മനുഷ്യജീവന്‍ നഷ്ടപ്പെടാതിരുന്നത് സാമൂഹ്യ ഇടപെടല്‍ കൊണ്ട് കൂടിയാണ്. അത്തരത്തില്‍ ദുരന്ത മേഖലയില്‍ ഇടപെടാന്‍ ആവശ്യമായ ബോധവല്‍ക്കരണ സംവിധാനം ഒരുക്കും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതുവായ ക്രമീകരണങ്ങള്‍ ഉണ്ടാകും. വീട് നഷ്ടപ്പെട്ടവര്‍ക്കാണ് മുന്‍ഗണന. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും. പാക്കേജില്‍ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തും. എല്ലാ സ്ത്രീകള്‍ക്കും താല്പര്യമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിന് പരിശീലനവും നല്‍കും. വാടകകെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിന്റെ ഭാഗമായി സംരക്ഷിക്കും.
ബാങ്കുകളില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും കടമെടത്തവരുണ്ട്. അവ എഴുതി തള്ളുകയെന്ന പൊതുനിലപാടിലാണ് ബാങ്കിങ്ങ് മേഖല ഇപ്പോള്‍ ഉള്ളത്. ഇക്കാര്യത്തില്‍ അവസാന തീരുമാനം ബാങ്ക് ഭരണ സമിതികളിലാണ് ഉണ്ടാകേണ്ടത്. റിസര്‍വ്വ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ഇക്കാര്യത്തില്‍ ബന്ധപ്പെടും. സ്വകാര്യ വ്യക്തികള്‍ കടം ഈടാക്കുന്നത് പൊതുധാരണയ്ക്കെതിരാണ് എന്നതിനാല്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടും. സ്പെഷ്യല്‍ പാക്കേജാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, വിവിധ കക്ഷിനേതാക്കളായ കെ സുരേന്ദ്രന്‍, ടി സിദ്ദിഖ് എംഎല്‍എ, പിഎംഎ സലാം, ജോസ് കെ മാണി, അഹമ്മദ് ദേവര്‍കോവില്‍, കെ വേണു, പി ജെ ജോസഫ്, മാത്യു ടി തോമസ്, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, പി സി ജോസഫ്, കെ ജി പ്രേംജിത്ത്, അഡ്വ. ഷാജ ജി എസ് പണിക്കര്‍, മന്ത്രിമാരായ കെ രാജന്‍, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഒ ആര്‍ കേളു, ചീഫ് സെക്രട്ടറി ഡോ.വേണു വി എന്നിവര്‍ പങ്കെടുത്തു.
വിലങ്ങാടിനും കൈത്താങ്ങ്
സ്വന്തം ലേഖിക
തിരുവനന്തപുരം: ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട്ടെ വിലങ്ങാടിന് സര്‍ക്കാരിന്റെ കൈത്താങ്ങ്. നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂന്ന്, വാണിമേലിലെ 9, 10, 11 വാർഡുകള്‍ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും. മന്ത്രിസഭായോഗ തീരുമാന പ്രകാരമാണിത്. നാശനഷ്ടത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് ലഭിച്ചു. ശാസ്ത്രീയ പഠനം അടക്കം നടത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് റവന്യു മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് നൽകിയിരുന്ന താൽക്കാലിക താമസത്തിനുള്ള വാടകയും മരിച്ചവരുടെ നിയമപരമായ അവകാശികൾക്കുള്ള എല്ലാ ധനാശ്വാസവും നൽകും. ഉരുൾപൊട്ടൽബാധിത കുടുംബങ്ങളിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ റേഷനും അനുവദിക്കും.
6000 രൂപ വീതം വാടകയിനത്തിൽ കൊടുക്കും. കൂടാതെ ഓരോ കുടുംബത്തിനും 10,000 രൂപ പ്രാഥമിക ധനസഹായവും ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് 300 രൂപ വീതം ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ക്കും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം എസ്ഡിആര്‍ഫില്‍ നിന്നും രണ്ട് ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമായി ആറ് ലക്ഷം രൂപ നല്‍കും. പരിക്കേറ്റവര്‍ക്ക് നിലവില്‍ എസ്ഡിആര്‍ഫില്‍ നിന്നും കൊടുക്കുന്നതിനു പുറമെ അധിക സഹായം കൊടുക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായി ഒരുമാസത്തിനുള്ളില്‍ താല്‍ക്കാലിക പുനരധിവാസം പൂര്‍ത്തിയാക്കാനായെന്നും റവന്യു മന്ത്രി പറഞ്ഞു. 821 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായവും മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന എട്ട് ലക്ഷം രൂപ ധനസഹായം 93 കുടുംബങ്ങള്‍ക്കും നല്‍കിയതായി മന്ത്രി അറിയിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, മുഹമ്മദ് റിയാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.