Site iconSite icon Janayugom Online

വയനാട് ദുരന്തം: നാളെ ജനകീയ തിരച്ചില്‍

ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഇന്ന് ജനകീയ തിരച്ചില്‍. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ദുരന്തബാധിതരില്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവരെ വാഹനങ്ങളില്‍ വീടുകള്‍ നിലനിന്നിരുന്ന സ്ഥലങ്ങളിലെത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെയും തിരച്ചില്‍ സംഘങ്ങളുടെയും കൂടെയായിരിക്കും ഇവരെ ദുരന്ത സ്ഥലങ്ങളിലേക്ക് അയയ്ക്കുക. ആറു മേഖലകളിലായാണ് പരിശോധനയുണ്ടാവുക. ഇതിനകം സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തിയതാണെങ്കിലും ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന അവസാനവട്ട പരിശ്രമമാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരന്തത്തില്‍ സമഗ്ര പുനരധിവാസ പാക്കേജ് വേണമെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ദുരന്തതീവ്രത പരിശോധിച്ച് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒമ്പതംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. ടീം ലീഡര്‍ ആയ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി രാജീവ് കുമാര്‍ ഇന്നലെ ഓഫിസില്‍ എത്തിയിരുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂലമായ പ്രതികരണമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും ടൗണ്‍ഷിപ്പ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭ്യമാകുമെന്നാണ് കരുതുന്നത്. നാളെ ദുരന്തമേഖല സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോ‍ഡി അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് വിശദമായ കത്ത് എഴുതിയിരുന്നു. ഈ വലിയ ദൗത്യത്തിന് കേന്ദ്രം നല്‍കുന്ന എല്ലാ പിന്തുണയ്ക്കും സഹായത്തിനും കത്തിലൂടെ നന്ദി രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ താല്‍ക്കാലിക പുനരധിവാസം ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലെ 27 ഉള്‍പ്പെടെ 91 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പത്താം ദിവസവും മൃതദേഹം കണ്ടെത്തി

സൈനികരില്‍ ഒരു വിഭാഗം മടങ്ങി

സ്വന്തം ലേഖകന്‍

മേപ്പാടി: ഉരുൾപൊട്ടല്‍ ദുരന്തത്തിന്റെ പത്താം ദിനമായ ഇന്നലെ തിരച്ചിലിലും ഒരു മൃതദേഹവും ഒരു ശരീരഭാഗവും കണ്ടെത്തി. നിലമ്പൂർ ഭാഗത്ത് ചാലിയാർ പുഴയിൽ നിന്നാണ് ഒരു മൃതദേഹം കിട്ടിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 404 ആയി. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 226 ആണ്. ഇതുവരെ കണ്ടെത്തിയ ശരീരഭാഗങ്ങളുടെ എണ്ണം 196. ഇന്നലെ ഒരു മൃതദേഹവും ആറ് ശരീരഭാഗങ്ങളും പുത്തുമലയിൽ സംസ്കരിച്ചു. 10 നാൾ നീണ്ട രക്ഷാദൗത്യത്തിന് ശേഷം മേഖലയിലെ സൈനികരില്‍ ഒരു വിഭാഗം മടങ്ങി. ആർമി, നേവി, റിക്കോ റഡാർ ടീം അംഗങ്ങളായ സൈനികർ ക്ക് സർക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നൽകി. എംഇജിയിലെ 23, ഡൗൺസ്ട്രീം സെർച്ച് ടീമിലെ 13 പേരും 36 സൈനികരും തുടരും. മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു എന്നിവരടങ്ങിയ ഉപസമിതി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തിരച്ചിലിനും മേൽനോട്ടം വഹിക്കുന്നുണ്ട്. ദുരന്തത്തിന് ഇരകളായ വിദ്യാർത്ഥികൾക്ക് എക്സാം ഓൺ ഡിമാൻഡ് സംവിധാനം നടപ്പിലാക്കാൻ സർവകലാശാലകൾക്ക് നിർദേശം നൽകിയതായി ഇന്നലെ പ്രദേശം സന്ദർശിച്ച മന്ത്രി ആർ ബിന്ദു അറിയിച്ചിരുന്നു.

ഓണാഘോഷവും ബോട്ട് ലീഗും ഒഴിവാക്കി

തിരുവനന്തപുരം: വയനാട് പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: Wayanad dis­as­ter: Pub­lic search tomorrow

You may also like this video

Exit mobile version