വെയർഹൗസിൽ സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ സന്ദർശനം അപ്രതീക്ഷിതമായിരുന്നു. മരുന്നുപെട്ടികൾ വാനിലേക്ക് നീക്കുന്ന തിരക്കിലായിരുന്നു മുൻനിരയിലെ തലപ്പുഴ അഞ്ചുകൊല്ലി സ്വദേശി ചന്ദ്രിക. സഖാവിനെ കണ്ടയുടന്‍ ചന്ദ്രിക, ഇന്‍ക്വിലാബ് സിന്ദാബാദ്, ലാൽസലാം സത്യേട്ടാ… എന്ന ഉച്ചത്തിലുള്ള മുദ്രാവാക്യം വിളിയോടെയാണ് സ്വീകരിച്ചത്. എവിടെയും ഒന്നും പറയേണ്ടതില്ല. ആരെയും പരിചയപ്പെടുത്തേണ്ട കാര്യവുമില്ല. വയനാടിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും അറിയുന്ന ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് ചുറ്റം വയനാടൻ ജനതയുടെ പ്രതീക്ഷ പരക്കുകയാണ്.
കല്പറ്റ മണ്ഡലത്തിലെ പൊതുപര്യടനം പൂക്കോട് വെറ്ററിനറി കോളജില്‍ നിന്നാണ് ആരംഭിച്ചത്. സ്ഥാനാര്‍ത്ഥിയും സംഘവും പൂക്കോട് എത്തുമ്പോള്‍ കോടമഞ്ഞ് നീങ്ങാനൊരുങ്ങുന്നതേയുള്ളൂ. കാത്തുനിൽക്കുന്ന തൊഴിലാളികളും ജീവനക്കാരും. ദുരന്തം നേരിട്ടറിഞ്ഞവരും അനുഭവിച്ചവരുമാണ് അവരില്‍ പലരും. ഇവിടെയൊരിടത്തും ഔദ്യോഗിക വോട്ടുപിടിത്തമല്ല നടക്കുന്നത്. എല്ലാവര്‍ക്കും സത്യന്‍ മൊകേരിയെന്ന സത്യേട്ടന്‍ ചിരപരിചിതനും മിക്കവര്‍ക്കും നേരിട്ടടുപ്പമുള്ള ആളുമാണ്. വിശേഷങ്ങളും വീട്ടുകാര്യങ്ങളും പങ്കുവച്ച് നീങ്ങും. വോട്ടുചോദിക്കലൊക്കെ അതിന്റെ വഴിക്ക് നടക്കും. സ്ഥാനാര്‍ത്ഥിക്ക് അറിയേണ്ടത് അന്നാട്ടിലെ അദ്ദേഹത്തിന്റെ പരിചയക്കാരുടെ വിവരങ്ങളും വിശേഷങ്ങളും പരിചയപ്പെടാനെത്തുന്നവരുടെ കാര്യങ്ങളും അവരുടെ പ്രയാസങ്ങളും പരാതികളും പരിഭവങ്ങളുമൊക്കെയാണ്.
വിശേഷവര്‍ത്തമാനങ്ങള്‍ നീണ്ടുപോകുമ്പോള്‍ ചുണ്ടയില്‍ കാത്തുനിൽക്കുന്നവരെ ഓർമ്മിപ്പിക്കുന്നു പ്രവർത്തകർ. എല്ലാവരോടും കൈവീശി മുന്നോട്ടുനീങ്ങി, അടുത്ത സ്ഥലത്ത് കാത്തുനിൽക്കുന്ന തോട്ടം തൊഴിലാളികൾക്കിടയിലെത്തി. ചുണ്ടയിലും പൊഴുതനയിലും നൂറുകണക്കിന് തൊഴിലാളികൾ സ്ഥാനാർത്ഥിയെ മുദ്രാവാക്യം വിളികളോടെയും തേയിലക്കൊളുന്ത് ചേർത്ത പൂക്കൾ നൽകിയും സ്വീകരിച്ചു. തോട്ടം മേഖലയിലെ ലയങ്ങളുടെ നവീകരണം ഉള്‍പ്പെടെയാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്. അവര്‍ സന്തോഷത്തോടെ ചാർത്തിയ രക്തഹാരങ്ങൾ സ്വീകരിച്ച് വാഹനത്തിലേക്ക്.
ഷംസുൽ ഉലമ ഇസ്ലാമിക് അക്കാദമിയിൽ ഉസ്താദ് കുഞ്ഞുമുഹമ്മദ് ദാരിമിയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കാത്തുനിന്നത്. രാഷ്ട്രീയവും നാടിന്റെ പ്രശ്നങ്ങളും വര്‍ത്തമാനത്തില്‍ നിറഞ്ഞു. തുടർന്ന് സെന്റ് വിൻസെന്‍ഷ്യ പുനരധിവാസ കേന്ദ്രത്തിൽ മദർ വിൻകാൻസിയയെയും അന്തേവാസികളെയും സന്ദർശിച്ചു. കെഎംഎം ഐടിഐയിൽ എത്തിയപ്പോള്‍ വിദ്യാർത്ഥികൾ സത്യേട്ടനെ ശ്രദ്ധാപൂർവം കേട്ടു. കന്നിവോട്ട് ഇടതിന് ഉറപ്പിക്കാമെന്ന് അവരുടെ വാക്ക്. ഉച്ചകഴിഞ്ഞ് തരിയോട് കമ്പോളം കേന്ദ്രീകരിച്ച് ഒരു ഓട്ടപ്രദക്ഷിണം. ബാണാസുര ഡാം പരിസരത്ത് പ്രകൃതിരമണീയത ആസ്വദിക്കാനെത്തിയവരോട് തെരഞ്ഞെടുപ്പ് വിശേഷം ആരാഞ്ഞ് വോട്ടഭ്യർത്ഥിച്ചു. കച്ചവടം തകർന്നതും നിത്യജീവിതം മുന്നോട്ടുപോകുന്നതിന്റെ പ്രതിസന്ധികളുമായിരുന്നു ചെറുകിട കച്ചവടക്കാരുടെ ആശങ്കകള്‍. എന്നും നിങ്ങളുടെ ഒപ്പമുണ്ട്. നിങ്ങളോടൊപ്പം നില്‍ക്കാന്‍ ആളില്ലെന്ന ദുരന്തം ഇനി വയനാടിന് ഉണ്ടാവില്ലെന്ന വാക്കുകള്‍ കരഘോഷത്തോടെയാണ് അവര്‍ സ്വീകരിച്ചത്.
പള്ളിക്കുന്ന് പള്ളിയിലും കണിയാമ്പറ്റ വൃദ്ധസദനത്തിലുമെത്തുമ്പോൾ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ സങ്കടക്കഥകൾ മാത്രമാണ് പങ്കുവയ്ക്കാനുണ്ടായിരുന്നത്. ചൂരൽമലയെക്കുറിച്ചും മുണ്ടക്കൈയെക്കുറിച്ചും വിവരിക്കുമ്പോള്‍ കണ്ണുകള്‍ നിറയും. ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിലെ സംസ്ഥാന സർക്കാരിന്റെ മികവ് ജനം സ്ഥാനാർത്ഥിയോട് പങ്കുവയ്ക്കുന്നുമുണ്ട്. മില്ല് മുക്ക് കമ്പനി കഴിഞ്ഞ് കല്പറ്റയിൽ എത്തുമ്പോൾ രാത്രിയായി. പ്രാദേശിക കൺവെൻഷൻ തുടരുന്നു. സ്ഥാനാർത്ഥിയെ കാത്ത് വലിയ ആൾക്കൂട്ടം. നേതാക്കന്മാര്‍ കത്തിക്കയറിയ പ്രചാരണവേദിയില്‍ സ്ഥാനാര്‍ത്ഥിയുടെ വക ചെറിയൊരു പ്രസംഗം. പിന്നെ ജനങ്ങൾക്കിടയിലേക്ക്. സെൽഫിക്കും രക്തഹാരമണിയിക്കുന്നതിനും എല്ലാവരും തിരക്കുകൂട്ടുന്നു.
കാത്തുനിൽക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് സത്യൻ മൊകേരി ജനങ്ങൾക്കിടയിലേക്കിറങ്ങി. എല്‍ഡിഎഫ് നേതാക്കളായ കെ സുഗതൻ, എം വി ബാബു, യൂസഫ് ചെമ്പൻ, എം വി വിജേഷ്, എം ജനാര്‍ദ്ദനൻ, എം സെയ്ത്, എൻ ഒ ദേവസി, കെ എൽ ദേവസി തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.