മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ മുണ്ടക്കൈ സ്വദേശി കുഞ്ഞുമുഹമ്മദ് ഉറ്റവരെയും കൂട്ടുകാരെയും തിരയുകയാണ്. ‘ആരെക്കുറിച്ചും ഒരു വിവരവുമില്ല. മുണ്ടക്കൈയില്‍ മാത്രം ആയിരക്കണക്കിന് പേരുണ്ടാകും. സലാം, യൂസഫ്, കുഞ്ഞുമൊയ്തീന്‍, മറിയ… അവരൊക്കെ എവിടെയാണെന്ന് ഒരു വിവരവുമില്ല’- ഭീതിദമായ ഓര്‍മ്മയില്‍ കുഞ്ഞുമുഹമ്മദിന്റെ വാക്കുകളിടറി. ഉരുള്‍പൊട്ടലിന് മണിക്കൂറുകള്‍ക്ക് മുമ്പ് മുണ്ടക്കൈയില്‍ നിന്ന് മാറിയത് കൊണ്ടുമാത്രം കുഞ്ഞുമുഹമ്മദിനും കുടുംബത്തിനും ജീവന്‍ തിരിച്ചുകിട്ടി.
‘ഞാന്‍ പേരക്കുട്ടീനെ വിളിച്ചിട്ട് ഓന്‍ അഞ്ചു മണീന്റെ വണ്ടിയെടുത്തിട്ടാ വന്നേ. ഓന്റെ കൈയില്‍ ഒരു സ്കൂട്ടറുണ്ടായിരുന്നു. ഞാന്‍, എന്റെ ഭാര്യ, മൂന്നാമത്തെവന്റെ പെണ്ണുങ്ങളേം കൂട്ടിയിട്ട് ഓട്ടോയില്‍ പോയി ഇറങ്ങി. മഴ തുടരുകയാണെങ്കില്‍ വൈകിട്ട് വന്നേക്കാമെന്ന് കെ പി മന്‍സൂര്‍ പറഞ്ഞിരുന്നു. മഴ വല്ലാതെ മുറുകുവാണെങ്കില്‍ പാടിയിലേക്ക് പോകുമെന്ന് മരക്കാറും പറഞ്ഞു. പകല്‍ ഇങ്ങനെ ഒക്കെ കഴിഞ്ഞുപോകും. രാത്രി ഇന്നലത്തെ മാതിരിയാണെങ്കില്‍ അപകടം ചെയ്യും എന്ന് പറഞ്ഞ് ഞാന്‍ ഓട്ടോറിക്ഷ പിടിച്ച് പോന്നു.
ഒന്നേമുക്കാലോടെ ഞാന്‍ വിവരമറിഞ്ഞു, മുണ്ടക്കൈ മുഴുവന്‍ പോയീന്ന്. ആരാണ്, എന്താണ്, എത്ര ആള് പോയീന്ന് ഒന്നും അറിയില്ല. മുണ്ടക്കൈക്കാരെ ആരെയും ഇവിടെ കാണുന്നില്ല. എന്റെ പേരക്കുട്ടി, എന്റെ വീട്, മോള്‍ പോയി സാറെ… ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഞങ്ങള് മൂന്നാള് രക്ഷപ്പെട്ടതാ’ നിറകണ്ണുകളോടെ കുഞ്ഞുമുഹമ്മദ് പറഞ്ഞു.
You may also like this video